thief

കൽപ്പറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശി ചെറുവത്തൂർ സിദ്ദിഖിനെ കൽപ്പറ്റ ജെ.എസ്.പി അജിത് കുമാറിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി. കൽപ്പറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ്ഇയാളെ അറസ്റ്റ് ചെയ്തത്.കൽപ്പറ്റ സി.ഐ പി.പ്രമോദ്, സ്‌പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി.അബ്ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, കെ.കെ.വിപിൻ എന്നിവരാണ് കോഴിക്കോട് നിന്ന് ഇന്നലെ രാവിലെ പ്രതിയെ പിടികൂടിയത്.

പൊലീസ് ഓൺ ഡ്യൂട്ടി എന്ന സ്റ്റിക്കർ പതിച്ച കണ്ടെയ്‌നർ ലോറിയിൽ ആയിരുന്നു ഇയാൾ സഞ്ചരിച്ചുകൊണ്ടിരുന്നത്. 2019 ലാണ് ഇയാൾ കൽപ്പറ്റയിലെ ബാങ്ക് മാനേജരുടെ വീട്ടിൽ മോഷണം നടത്തിയത്. വയനാട് എസ്.പി ഡോ.അർവിന്ദ് സുകുമാറിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. ഇയാളെ പിടിച്ചതോടെ കേരളത്തിലെ നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായി.

കേരളത്തിൽ ഇയാൾക്കെതിരെ മുപ്പതോളം മോഷണ കേസുകളുണ്ട്. ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷണപുരം, തൃശൂർ, കൽപ്പറ്റ, കമ്പളക്കാട് തുടങ്ങി നിരവധി സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. തമിഴ്‌നാട്ടിലെ ഈറോട്, മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും കേസുകളുണ്ട്.

അന്തർ സംസ്ഥാന ലോറിയിൽ ക്ലീനർ ആയി ജോലിക്ക് പോയിരുന്ന ഇയാൾ ലോറിക്ക് വേണ്ടി ഇന്ധനം ടാങ്കറുകളിൽ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നു. കേരളത്തിൽ നിന്ന് വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസുമുണ്ട്.

കാസർകോട് ഒരു സ്‌കൂളിലെ ലാപ്‌ടോപ്പും പ്രൊജക്ടറും വീഡിയോ ക്യാമറയും മോഷ്ടിച്ചതും കൊയിലാണ്ടിയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്നതും, കടലിൽ മീൻ പിടിക്കാനുപയോഗിക്കുന്ന വലകളിൽ നിന്ന് പിച്ചള ഭാഗങ്ങൾ മോഷ്ടിച്ചതും, പാലക്കാട് മങ്കരയിൽ കാർ മോഷ്ടിച്ചതുമടക്കമുള്ള കേസുകളിലെ പ്രതിയാണ്.

കൽപ്പറ്റയിലെ മോഷണ കേസിൽ കൂട്ടുപ്രതിയായ മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസം മുമ്പ് പിടികൂടിയിരുന്നു. ഡൽഹിയിലേക്ക് കണ്ടെയ്‌നർ ലോറിയിൽ ഇയാൾ പോകുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് തിരിച്ച് വരുമ്പോൾ ഇയാളെ കോഴിക്കോട് വെച്ച് പിടികൂടിയത്