ന്യൂഡൽഹി: കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടൻ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടവേളകളുടെ ദൈർഘ്യം സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്ക ഉയരുന്നതിനിടെയാണ് ഇക്കാര്യത്തിൽ മാറ്റം വേണ്ടെന്ന കേന്ദ്ര തീരുമാനം പുറത്തുവന്നത്. എന്നാൽ ഇടവേളകളുടെ ദൈർഘ്യം കുറയ്ക്കുന്ന കാര്യത്തിൽ ഭാവിയിൽ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ സൂചിപ്പിച്ചു. ഇന്ത്യയിൽ, രണ്ട് കോവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ ആറ് ആഴ്ച വരെയായിരുന്നു, പിന്നീട് ആറ് മുതൽ എട്ട് ആഴ്ചവരെയാക്കി വർദ്ധിപ്പിച്ചു, ഇപ്പോൾ 12-16 ആഴ്ചയാണ്.
ഒരു ദിവസം 1.25 കോടി വാക്സിൻ ഡോസുകൾ നൽകാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അടുത്ത മാസം 20-22 കോടി ഡോസുകൾ ലഭ്യമാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ”സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനും ദ്രുത വാക്സിനേഷൻ എന്നത് പരമപ്രധാനമാണ്. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യം” കൊവിഡ് പാനൽ ചെയർമാൻ ഡോ. എൻ.കെ. അറോറ പറഞ്ഞു.
വാക്സിൻ ഡോസുകളിലെ ഇടവേള ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോ ഡോസിൽ നിന്നും പരമാവധി പ്രയോജനം നമ്മുടെ ജനങ്ങൾക്ക് ലഭിക്കണം എന്നതാണ് അടിസ്ഥാന തത്വം. നിലവിലെ ഡോസുകൾ പ്രയോജനകരമാണെന്ന് തെളിയിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു.
കൊവിഷീൽഡ് വാക്സിൻഡോസുകളിലെ ഇടവേള 12-16 ആഴ്ച വരെ നീട്ടാൻ മേയ് പതിമൂന്നിനാണ് കേന്ദ്രസർക്കാൻ അംഗീകാരം നൽകിയത്. ഇടവേള വര്‍ദ്ധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് അന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞത്. ഇടവേള വർദ്ധിപ്പിച്ചത് വാക്‌സിന്റെ ഫലപ്രാപ്തി കൂട്ടുമെന്ന യുകെ ഹെല്‍ത്ത് റെഗുലേറ്ററിയുടെ റിപ്പോര്‍ട്ട് നാഷണല്‍ ടെക്‌നിക്കല്‍ സൊസൈറ്റി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.