കൊല്ലം: വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മകളെ കിരണിന്റെ അമ്മ ഉപദ്രവിച്ചുവെന്ന് വിസ്മയയുടെ മാതാവ് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ കിരണിന്റെ കുടുംബത്തിനും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
മരണം കൊലപാതകമാണെന്ന ആരോപണത്തിലും ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. അതേസമയം ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
തെളിവുകൾ ലഭിച്ചാൽ കിരണിന്റെ മാതാപിതാക്കൾക്കും, സഹോദരിയ്ക്കുമെതിരെ ഗാർഹിക പീഡന നിരോധന വകുപ്പ് ചുമത്തുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.