ജ്വരരാവിന്റെ വാതിൽച്ചതുരത്തിൽ
പൂക്കാലമായി വന്നു, കുളിർക്കൈകളാൽ,
തളിർചുണ്ടാൽ
നിന്റെ സ്‌നേഹത്തിൻ
മലരിതൾ സ്‌പർശം.
നീലരാത്രിയിൽ, ഏകാന്തപരകോടിയിൽ
മയങ്ങുന്ന നഗരത്തിനും നക്ഷത്രങ്ങൾക്കും മീതെ,
ഉറങ്ങാത്തതെന്തമ്മയെന്നു ചൊല്ലി,
ഉടലിൽ വലയം തീർത്തു
ഉറക്കച്ചടവിന്റെ രാജകുമാരി
പിന്നിൽ, ഓർമ്മയാൽ നനഞ്ഞ പാതയിൽ
സ്വയം തേങ്ങുന്ന എന്നെ,
ഒരുമ്മയിൽ മടക്കി
നിന്നുടെ പതിഞ്ഞ മൂക്കിന്റെ തണുത്ത മർദ്ദം
പകൽ മയക്കത്തിൽ..,
ഇളംചൂടുപായയിൽ..
പുറത്തെ ലോകം നമ്മൾ നിറച്ച ചുമരിൽ...
ഇടതെറ്റി മുറിഞ്ഞോരെൻ ഹൃദയതാളം കൂടി
നിൻ പുരികം ചുളിയുന്ന ചോദ്യമാകുന്നു...
കടൽത്തിരയും...മലനിരകളും,
മണലിൽ നാം തീർത്ത ഉടഞ്ഞ വീടും,
കളിയിൽ തോറ്റ നിൻ ആർദ്രസ്‌മിതവും,
മകളെ!
കടലെടുക്കാതെ പോകട്ടെയീകാലം
നീ പറക്ക മുറ്റുന്നതും പറന്നകലുന്നതും
എനിക്കോർക്ക വയ്യ
പിന്നിൽ മെടഞ്ഞിട്ട ഈ രണ്ടു മുടിപ്പിന്നലിൻ
കുരുക്കഴിക്കുവാൻ എനിക്കു മാത്രമേ അറിയൂ...
അതെനിക്ക് മാത്രമേ അറിയൂ...