കുറ്റാന്വേഷണം ഒരു കലയാണെങ്കിൽ ലോക്നാഥ് ബെഹ്റ ആ കലയുടെ ഒരു ഉപാസകനാണ്. മുപ്പത്തിയാറു വർഷം നീണ്ട തന്റെ കുറ്റാന്വേഷണ ഉപാസന അവസാനിപ്പിച്ച് ഔദ്യോഗികജീവിതത്തിൽ നിന്ന് അദ്ദേഹം ഈ മാസം 30ന് പടിയിറങ്ങുന്നു. ജിയോളജിയിൽ ഉന്നതപഠനം കഴിഞ്ഞ് ഇന്ത്യൻ പൊലീസ് സർവീസിൽ ചേർന്ന ശേഷം ലോക്നാഥ് ബെഹ്റ അന്വേഷിച്ച ചില കേസുകൾ മാദ്ധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതമാണ്. ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്ഫോടനകേസ്, എയർ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, പുരുലിയയിൽ ആകാശത്തു നിന്ന് തോക്കുകൾ വർഷിച്ച കേസ്, ബാബറി മസ്ജിദ് തകർത്ത കേസ് തുടങ്ങിയവയൊക്കെ അതിൽപ്പെടും. മാത്രമല്ല, കേരളത്തിൽ അത്ര ആഘോഷിക്കപ്പെടാത്തതും എന്നാൽ പ്രമാദവുമായിരുന്ന നിരവധി കൊലക്കേസുകളും തീവ്രവാദകേസുകളും അഴിമതിക്കേസുകളും അവയിൽ പെടും. പക്ഷേ, ബെഹ്റ ഇതിന്റെയെല്ലാം ഭാഗമായിരുന്നു എന്ന് മിക്ക മലയാളികൾക്കും അറിവുണ്ടാവില്ല. കാരണം, സി.ബി.ഐയിൽ ജോലി ചെയ്ത പത്തുവർഷക്കാലത്തും എൻ.ഐ.എയിൽ ജോലി ചെയ്ത അഞ്ചുവർഷക്കാലത്തുമാണ് ബെഹ്റ ഈ അന്വേഷണ സംഘങ്ങളുടെയെല്ലാം ഭാഗമായിരുന്നത്.
ഡേവിഡ് ഹെഡ്ലി
2008 ൽ ലഷ്ക്കർ ഇ തൊയ്ബയിലെ 10 പാക്കിസ്ഥാനികൾ മുംബയിൽ നടത്തിയ വെടിവയ്പ്പിലും സ്ഫോടനത്തിലും ഇസ്രയേലികളടക്കമുള്ള വിദേശികളും ഇന്ത്യക്കാരും ഉൾപ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ആ കേസിലാണ് സൂത്രധാരനായ ദാവൂദ് സയ്യദ് ഗീലാനി എന്ന ഡേവിഡ് ഹെഡ്ലിയെ ബെഹ്റയുൾപ്പെട്ട അന്വേഷണസംഘം അമേരിക്കയിൽ പോയി ചോദ്യം ചെയ്തതും വിലപ്പെട്ട തെളിവുകൾ ശേഖരിച്ചതും. ഒമ്പത് ദിവസങ്ങളിലായി നൂറിൽപ്പരം മണിക്കൂറുകളാണ് ഹെഡ്ലിയെ ബെഹ്റ ചോദ്യം ചെയ്തത്. അതുവഴി ശേഖരിച്ച തെളിവുകൾ വിചാരണവേളയിലെ ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നതായിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഹെഡ്ലി ഇപ്പോൾ അമേരിക്കയിൽ 35 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
പീറ്റർ ബ്ലീച്ചും കിം ഡേവിയും
പുരുലിയയിൽ ആയുധം വർഷിച്ച കേസന്വേഷണം കൂടുതൽ ശ്രമകരമായിരുന്നു. ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പീറ്റർ ബ്ലീച്ചിനെ വിമാനത്തിൽ വച്ച് അറസ്റ്റ് ചെയ്യാനും രക്ഷപ്പെട്ട കിം ഡേവി എന്ന പ്രതിയെ വിദേശത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കാനും ഇരുപത്തിയേഴ് രാജ്യങ്ങളിലായി ചിതറികിടന്ന തെളിവുകൾ അതാത് രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പാലിച്ച് ശേഖരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമൊക്കെ വലിയ ശ്രമം തന്നെ വേണ്ടി വന്നു.
മാവോയിസ്റ്റ് കേസ്
ബീഹാറിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വയം എടുത്ത കേസ് സി.ബി.ഐ ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റ തന്നെ അന്വേഷിക്കണമെന്ന് ഉത്തരവിറക്കിയ സംഭവം പോലുമുണ്ടായിട്ടുണ്ട്. കേസ് ആരന്വേഷിക്കണമെന്ന് പേരെടുത്ത് പറഞ്ഞ് സുപ്രീം കോടതി ഉത്തരവിറക്കുന്നത് അപൂർവമാണ്. ആ ഉദ്യോഗസ്ഥനത് അഭിമാനകരവുമാണ്. തുടർന്ന് ബെഹ്റയുടെ സംഘം തന്നെ കേസന്വേഷിക്കുകയും മിക്ക പ്രതികളും അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ, ആ കേസ് തീരുന്നതിനു മുൻപ് ബെഹ്റയ്ക്ക് തന്റെ ഔദ്യോഗിക തട്ടകമായ കേരളത്തിലേക്ക് മടങ്ങി ഐ.ജി പദവി ഏറ്റെടുക്കേണ്ട സാഹചര്യം വന്നു. താൽക്കാലികമായി ഒഴിവാക്കുന്നുവെന്നും വൈദഗ്ധ്യം ആവശ്യമെന്ന് കണ്ടാൽ തിരികെ വിളിപ്പിക്കുമെന്നും പറഞ്ഞാണ് സുപ്രീം കോടതി അന്ന് കേരളത്തിലേക്ക് മടങ്ങാൻ ബെഹ്റയെ അനുവദിച്ചത്.
എൻ.ഐ.എ
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകൾ കൈകാര്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജൻസി (എൻ .ഐ .എ) രൂപീകരിക്കുവാൻ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയത് ബെഹ്റയടക്കമുള്ള ഏതാനും പ്രഗത്ഭ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ്. അഞ്ചു വർഷം കൊണ്ട് ഇവരുടെ സംഘം എൻ.ഐ.എയെ ഭാരതത്തിന്റെ അഭിമാനമാക്കി മാറ്റി. താമസിയാതെ അദ്ദേഹം കേരളത്തിൽ പൊലീസ് മേധാവിയായി. ജയിൽ, ഫയർഫോഴ്സ്, വിജിലൻസ്, ലോ ആൻഡ് ഓർഡർ എന്നീ നാലു അതിപ്രധാന മേഖലയെയും നയിക്കാൻ അവസരം കിട്ടിയ, ഒരുപക്ഷേ ഒരേയൊരു കേരള ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കാം ലോക്നാഥ് ബെഹ്റ. സംസ്ഥാന പൊലീസ് മേധാവിയായി അഞ്ചു വർഷമാണ് ലോക്നാഥ് ബെഹ്റ സേവനമനുഷ്ഠിച്ചത്. ആ അഞ്ചുവർഷക്കാലം എന്ന് പറയുന്നത് ആദ്യ പിണറായി വിജയൻ മന്ത്രിസഭയുടെ ഏകദേശം മുഴുവൻ കാലവും രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ ആദ്യകാലവും ആയിരുന്നു. ഇന്ത്യയിൽ അപൂർവം പൊലീസ് മേധാവികൾക്കു മാത്രമേ ഒരു മന്ത്രിസഭയുടെ ഏതാണ്ട് മുഴുവൻ കാലം ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും അലോസരമുണ്ടാക്കാതെ സേവനമനുഷ്ഠിക്കാൻ അവസരം കിട്ടിയിട്ടുള്ളൂ. തന്റെ ശക്തമായ പൊലീസ് തീരുമാനങ്ങൾ സൗമ്യമായ ഭാഷയിൽ കർക്കശക്കാരനായ മുഖ്യമന്ത്രിയുടെ മുന്നിൽ കാര്യകാരണസഹിതം അവതരിപ്പിച്ച് അനുമതി നേടിയെടുത്തിരുന്ന അദ്ദേഹം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികൾക്ക് പറയാനുള്ളത് ശാന്തമായിരുന്ന് കേൾക്കാനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ശ്രമിച്ചു വിജയിച്ചിരുന്നു. പൊതുവെ ദൃശ്യമാദ്ധ്യമങ്ങളിൽ വരാൻ മടിക്കുന്ന, അപൂർവമായി വന്നാലും ഒന്നോ രണ്ടോ വാചകത്തിൽ വിഷയം പറഞ്ഞു തീർക്കുന്ന ഒരു പ്രകൃതക്കാരനാണ് ബെഹ്റ. പൊലീസിനു പുറത്തെ പൊതുചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അപൂർവമായിരുന്നു. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ ജനകീയസാന്നിദ്ധ്യമായി നിൽക്കാനും അദ്ദേഹം ഒട്ടുമേ താൽപര്യം കാണിച്ചില്ല. ഈ പ്രകൃതം അദ്ദേഹത്തിന്റെ ഒരു ന്യൂനതയായി കാണുന്നവരുമുണ്ട്.
സമർപ്പിത ജീവിതം
തന്റെ സമയം മുഴുവൻ പൊലീസ് സേനയ്ക്ക് മാത്രമായി സമർപ്പിച്ച് പൊലീസ് സേന ശ്രദ്ധിക്കേണ്ടതായ ഓരോ വിഷയവും സൂക്ഷ്മമായും ശാന്തമായും കൈകാര്യം ചെയ്തിരുന്ന ഒരു ഓഫീസറായിരുന്നു അദ്ദേഹം. മാന്യവും സൗമ്യവുമായ ഭാഷയിൽ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന പൊലീസ് മേധാവിയായിട്ടാണ് കഴിഞ്ഞ നാലു വർഷം പൊലീസ് മേധാവിയുടെ മുഖ്യ ടെക്നോളജി ഉപദേശകപദവിയിൽ സൗജന്യസേവനം ചെയ്ത എനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നിയിട്ടുള്ളത്. മാത്രമല്ല, ഔദ്യോഗികരഹസ്യം സൂക്ഷിക്കാനുള്ള അസാമാന്യമായ കഴിവും അദ്ദേഹത്തിനുണ്ടെന്ന് തോന്നിയിരുന്നു. ഈ കഴിവുകളൊക്കെയായിരിക്കാം ഇവിടെ പൊലീസ് മേധാവിയായിരിക്കെ തന്നെ ലോക്നാഥ് ബെഹ്റയെ കേന്ദ്ര സർക്കാറിന്റെ സൈബർ സുരക്ഷ, സൈബർ കുറ്റാന്വേഷണം, തീവ്രവാദപ്രതിരോധം തുടങ്ങി പല അതിപ്രധാന ഉപദേശകസമിതികളിലും എത്തിച്ചത്. അതായത്, അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് കേരളസർക്കാർ മാത്രമല്ല കേന്ദ്രസർക്കാരും വലിയ വില കൽപ്പിച്ചിരുന്നു എന്നു വേണം അനുമാനിക്കാൻ. അതു കേരളത്തിനു ഗുണകരമായിട്ടുമുണ്ടാകാം. ബെഹ്റ പൊലീസ് മേധാവിയായിരുന്ന കാലത്ത് കേരള പൊലീസ് സേനാംഗങ്ങൾക്കും ഗവേഷകർക്കും ഉപകാരപ്രദമാകുമാറ് സൈബർലീഗൽ ഹാൻഡ്ബുക്കും കേരള പൊലീസ് ചരിത്രവും അടക്കം നിരവധി പുസ്തകങ്ങൾ പൊലീസ് ഇറക്കിയിട്ടുണ്ട്. മാത്രമല്ല, 2021-30 കാലത്ത് കേരള പൊലീസ് എങ്ങനെയൊക്കെയായിരിക്കും മാറപ്പെടുക എന്ന കാര്യത്തിൽ വിദഗ്ധരായ പൊലീസുദ്യോഗസ്ഥരുടെ 'വിഷൻ" ശേഖരിച്ച് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ച ശേഷമാണ് ഈ ഒറീസക്കാരൻ പടിയിറങ്ങുന്നത്.
(സൈബർ ഫോറൻസിക്ക് വിദഗ്ധനായ ലേഖകൻ നിരവധി അന്താരാഷ്ട്ര ജേർണലുകളുടെ റിവ്യൂവറുമാണ്)