john-brittas

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ചോദ്യം ചെയ്‌ത് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്‌താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്‌ടിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ കുത്തിവയ്ക്കുന്നുള്ളൂ. അനുവദിച്ച വാക്‌സിന്‍റെ 17.05 ശതമാനം വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചിട്ടുള്ളൂവെന്നും സുപ്രീം കോടതിയില്‍ ബ്രിട്ടാസ് ഫയല്‍ ചെയ്‌ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാക്‌സിൻ നയം പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരാനാണ് ജോണ്‍ ബ്രിട്ടാസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്‌മിത രാമചന്ദ്രനാണ് അപേക്ഷ ഫയല്‍ ചെയ്‌തത്.