sunomata

ജപ്പാനിലെ ഗിഫു പ്രവിശ്യയിലെ എഗാക്കി നഗരത്തിലാണ് സുനോമാത കൊട്ടാരം. കല്ലുകൾ കൊണ്ട് നിർമ്മിച്ച അടിത്തറയ്ക്ക് മുകളിൽ മരംകൊണ്ട് നിർമ്മിച്ചൊരു ജാപ്പനീസ് കോട്ടയാണിത്. ഒറ്റ രാത്രി കൊണ്ടാണ് ഈ കോട്ടാരം നിർമ്മിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. അതുകൊണ്ടാണ് ഇത് 'ഇച്ചിയ കാസിൽ' എന്ന് അറിയപ്പെടുന്നത്.

കോട്ടയ്ക്ക് പിന്നിലെ അദ്ഭുത ചരിത്രം

പതിനാറാം നൂറ്റാണ്ടിലെ ശക്തനായ ഫ്യൂഡൽ പ്രഭു ഓഡാ നോബുനാഗയുടെ ജനറലുകളിലൊരാളായിരുന്ന ടൊയോട്ടോമി ഹിഡയോഷിയാണ് ഈ കൊട്ടാരം നിർമ്മിച്ചത്. അയൽപ്രദേശമായ മിനോ പ്രവിശ്യയിലെ സ്രെയ് വംശമായിരുന്നു ഓഡാ നോബുനാഗയുടെ ഏറ്റവും വലിയ എതിരാളികൾ. അവരുടെ നേതാവായ സെയിറ്റൊ ദോസന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രണ്ടു വംശങ്ങൾ തമ്മിലെ ശത്രുത അവസാനിക്കുമെന്ന പ്രതീക്ഷയിൽ നോബുനാഗയുടെ പിതാവ് സൃഷ്ടിച്ചൊരു രാഷ്ട്രീയ ഉടമ്പടിയായിരുന്നു ആ വിവാഹം.

സാധാരണ ഭരണാധികാരികളെ പോലെ മൂത്തമകൻ സെ്യ്റ്റ യോഷിതത്സുവിനെ അനന്തരാവകാശിയാക്കാനാണ് സെയ്റ്റോ ദോസൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മരുമകനായ ഓഡാ നോബുനാഗയുടെ അസാമാന്യ വീര്യവും പ്രാപ്തിയും കണ്ടപ്പോൾ, തന്റെ അവകാശിയാകാൻ സ്വന്തം മക്കളേക്കാൾ യോഗ്യത മരുമകനാണെന്നദ്ദേഹം ചിന്തിച്ചു തുടങ്ങി. ഇതിൽ ക്ഷുഭിതനായ യോഷിതത്സു 1556ൽ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും തുടർന്ന് പിതാവിനെയും ഇളയ സഹോദരന്മാരെയും കൊലപ്പെടുത്തുകയും ചെയ്തു.

1561ൽ യോഷിതത്സുവിന്റെ കാലശേഷം, അദ്ദേഹത്തിന്റെ മകൻ സെയ്റ്റ തത്സുവോക്കിയായിരുന്നു അടുത്ത ഭരണാധികാരി. എന്നാൽ നേതൃത്വശേഷിയില്ലാത്ത പുതിയ രാജാവിനെ കീഴുദ്യോഗസ്ഥർ പോലും പുച്ഛിക്കാൻ തുടങ്ങി. മിനോ പ്രദേശത്തെ സെയ്റ്റ അനുഭാവികളെയും ഭടൻമാരെയും വരുതിയിലാക്കി തന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കാൻ നോബുനാഗ ശ്രമം തുടങ്ങി.

ഇതിന്റെ ആദ്യ പടിയായി തന്റെ സാമ്രാജ്യത്തിന്റെ നെടുംതൂണായി സായ്, നാഗര നദികളുടെ സംഗമസ്ഥാനത്ത് ഒരു കോട്ട പണിയാൻ നോബുനാഗ തീരുമാനിച്ചു. കോട്ടയുടെ നിർമ്മാണത്തിനായി തന്റെ വിശ്വസ്തനായ ടൊയോട്ടോമി ഹിഡയോഷിയെ നോബുനാഗ നിയോഗിച്ചു. തുടർന്ന് ഹിഡയോഷി നാഗര നദിയുടെ എതിർവശത്ത് വെറും ഒറ്റ രാത്രി കൊണ്ട് ഈ കോട്ട നിർമ്മിച്ചെന്നാണ് പറയപ്പെടുന്നത്. നേരം പുലർന്നപ്പോൾ കോട്ട കണ്ട് എതിരാളികൾ സ്തബ്ദരായി. തുടന്ന് അടുത്ത ദിവസങ്ങളിൽ തന്നെ നോബുനാഗ അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും ചെയ്തു.

എന്നാൽ, ഒഗാക്കി കോട്ടയുടെ മാതൃകയിൽ 1991ൽ പുനർനിർമ്മിച്ച കോട്ടയാണ് ഇപ്പോൾ ഇവിടെയുള്ളത്. സുനോമാത ഇപ്പോൾ ഒരു മ്യൂസിയമാണ്. സമുറായി കവചങ്ങളും പുരാതനമായ ആയുധങ്ങളുമെല്ലാം ഇവിടെ കാണാൻ കഴിയും. കോട്ടയുടെ പരിസരത്താകെ ചെറി മരങ്ങൾ കായ്ച്ചുനിൽപ്പുണ്ട്.