സ്വയം തുടയ്ക്കേണ്ടിവരുന്ന കണ്ണുനീരും തനിയെ പറഞ്ഞുതീർക്കേണ്ടി വരുന്ന വിഷമങ്ങളുമാണ് ഏറ്റവും വലിയ വേദന. സമൂഹത്തിലെ ദുർബലവിഭാഗമാണ് ഈ ഏകാന്തത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ആരുമില്ലാതായി പോയ അവരെ കൂടി പരിഗണിക്കുന്നതിലൂടെയാണ് സമൂഹം മഹത്വവത്ക്കരിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ ജീവിതാവസ്ഥയുടെ അതേ ഇരുളിൽ പലരും കഥാവശേഷരാകുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം കൂടിയായപ്പോൾ കൺമുന്നിൽ അതിദയനീയമായാണ് പ്രാണനുകൾ ഏറെയും പൊലിഞ്ഞു പോകുന്നത്. സാന്ത്വന ചികിത്സയിലൂടെ (പാലിയേറ്റീവ് കെയർ) കൊവിഡ് രോഗികൾക്കും ആത്മധൈര്യം കൈവരിക്കാൻ സാധിക്കുമെന്നും അതെങ്ങനെ ലഭ്യമാകും എന്നും പലരും അറിയുന്നില്ല. അത്യാസന്നനിലയിലുള്ള രോഗിയുടെ മുന്നിൽ പുഞ്ചിരിക്കുന്ന മുഖവുമായി നല്ല വാക്കുകളുമായി ആരെങ്കിലും കടന്ന് ചെല്ലുക. മരുന്നുകൾക്കുമുപരി അത് അവരിൽ പകരുന്ന ആത്മവിശ്വാസവും ധൈര്യവും പറഞ്ഞറിയിക്കാവുന്നതല്ല. സാന്ത്വനചികിത്സയുടെ പ്രതിരൂപവും പാലിയം ഇന്ത്യയുടെ മേധാവിയുമായ പദ്മശ്രീ ഡോ.എം.ആർ രാജഗോപാൽ പതിവ് പോലെ ശാന്തനായി പറഞ്ഞു തുടങ്ങി.
കൊവിഡിനും സാന്ത്വനപരിചരണം
ആഗോള കൊറോണ വൈറസ് രോഗ പരിചരണത്തിൽ സാന്ത്വന ചികിത്സയ്ക്ക് പ്രധാന പങ്കുണ്ട്. ഇത് ചൂണ്ടിക്കാട്ടി കൊവിഡ് 19 പാലിയേറ്റീവ് കെയറുമായി സംയോജിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന, അംഗരാഷ്ട്രങ്ങളോട് 2020 മെയ് മാസത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിൽ വരുത്തണമെന്ന് 'പാലിയം ഇന്ത്യ" കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. മാനുഷിക പ്രതിസന്ധിയോടുള്ള പ്രതികരണത്തിന്റെ പ്രധാന ഭാഗമാണ് പ്രതിരോധ ചികിത്സ. അത് നിഷേധിക്കപ്പെടുന്നത് മാനുഷികതയല്ല. സാന്ത്വനത്തിന്റെ അഭാവം മൂലം ധാരാളം രോഗികൾക്ക് ആശ്വാസപരിചരണം നഷ്ടപ്പെടുന്നുണ്ട്. രോഗലക്ഷണനിയന്ത്രണം ദുരിതങ്ങൾ കൈകാര്യം ചെയ്യൽ, ജീവിതാവസാന പരിപാലനം തുടങ്ങിയവ ഉൾപ്പെടുന്ന മാർഗനിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് ഒന്നാം തരംഗത്തിൽ 'പാലിയം ഇന്ത്യ"യ്ക്ക് ഫലപ്രദമായി ചില കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. രണ്ട് മാസത്തേക്കുള്ള മരുന്ന് സാന്ത്വന ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ലോക്ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് തന്നെ എത്തിച്ചിരുന്നു. വോളന്റിയേഴ്സ് കൊവിഡ് ബാധിതർക്കും ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ ഇങ്ങനെ ചെയ്യേണ്ടി വന്നതിനാൽ സ്വാഭാവികമായും പല തടസങ്ങളുമുണ്ടായി. കൊവിഡ് ചികിത്സയുടെ ഭാഗമായി സാന്ത്വനചികിത്സയെയും സർക്കാർ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രതിസന്ധികൾ പലതും ഒഴിവാക്കാമായിരുന്നു.
വേദനകൾക്ക് പൊതു വ്യാകരണം
ലോകരാജ്യങ്ങൾ ആരോഗ്യ പരിരക്ഷണത്തിനായി ജി.ഡി.പി യുടെ അഞ്ച് ശതമാനമെങ്കിലും ചെലവഴിക്കുമ്പോൾ ഇന്ത്യയിൽ 1.3% മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം എന്നാൽ സമ്പൂർണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതിയാണ്. രോഗം കുറ്റമല്ലല്ലോ. ഇത് ജീവിതശൈലി, ചുറ്റുപാട്, സാമ്പത്തികം, ആരോഗ്യ സേവനങ്ങളുടെ ലഭ്യത, പരിചരണം, സാന്ത്വനം ഇങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം ജീവന് ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും (മരണാസന്നരായ അർബുദ രോഗികൾ മാത്രമല്ല) അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തണം. രോഗനിർണയം നടത്തുകയും കുറ്റമറ്റ ചികിത്സയും വേദന സംഹാരികളും നൽകുകയും ചെയ്യണം. അവരുടെ ശാരീരിക മാനസിക സാമൂഹിക ആദ്ധ്യാത്മിക പ്രശ്നങ്ങളും പരിഹരിക്കണം. യന്ത്രത്തിന്റെ കേട് പാടുകൾ തീർത്ത് വീണ്ടും പ്രവർത്തിക്കാൻ സജ്ജമാക്കുക എന്ന പ്രക്രിയയല്ല മനുഷ്യ ശരീരത്തിനാവശ്യം. അതിനുള്ളിലെ മനസ് അതാണ് യഥാർത്ഥത്തിൽ സുസജ്ജമാകേണ്ടത്. ഏകാന്തതയും ശാരീരികാസ്വസ്ഥതകളും അനുഭവിക്കുന്ന കൊവിഡ് ബാധിതർക്ക് ആശ്വാസമാകുന്നത് ഫോൺ സന്ദേശങ്ങളാണ്. സർക്കാർ ആശുപത്രിയിൽ അപ്രതീക്ഷിതമായി എത്തപ്പെടുന്നവർക്ക് ഇത് ലഭിക്കുന്നില്ല. ഫോൺ ഉപേക്ഷിക്കപ്പെടുകയോ, അഥവാ കൈയിലുള്ളവർക്ക് ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകൾ ലഭ്യമാകുന്നുമില്ല. പലപ്പോഴും ഇവ പ്രവർത്തനരഹിതമാണ്. ഇത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ്. പൊതുസ്ഥലങ്ങളിലും ഈ സൗകര്യം ഉണ്ടായിരിക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സുഖ്ദുഃഖ് ഹെൽപ്പ് ലൈൻ
പാലിയം ഇന്ത്യ, ഗുണനിലവാരമുള്ള കൗൺസലിംഗ് സേവനങ്ങൾ നൽകാൻ സദാ പ്രതിജ്ഞാബദ്ധരാണ്. മാനേജർ, വോളണ്ടിയർമാർ, കൗൺസിലർമാർ എന്നിവരുടെ സഹായത്തോടെ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സുഖ്ദുഃഖ് ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളം ഈ സൗകര്യം ലഭ്യമാണ്. എട്ട് ഭാഷകളിൽ ഫോണിലൂടെ മനോവികാരങ്ങൾ പങ്കിടാം. കൂടിക്കാഴ്ചകൾ ആവശ്യമെങ്കിൽ അതിനുള്ള അവസരവും ലഭ്യമാകും. രോഗിയെ സംവേദനക്ഷമതയോടെ പിന്തുണയ്ക്കുകയും സഹാനുഭൂതിയോടെ ബഹുമാനം നൽകി അവരുടെ രഹസ്യാത്മകത കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. സുഖ്ദുഃഖ് ഹെൽപ്പ് ലൈനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +917594052605 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ sukhdukhhelpline@gmail.comലേക്ക് മെയിൽ ചെയ്യാം.
സഹാനുഭൂതിയുള്ളവർക്ക് പങ്കാളികളാകാം
അമേരിക്കൻ ഐക്യ നാടുകളിൽ നൂറിന് മുകളിൽ കിടക്കകളുള്ള 55 ശതമാനം ആതുരാലയങ്ങളിലും പാലിയേറ്റിവ് പരിചരണം നൽകുന്നുണ്ട്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സംഘമാണിത്. ഡോക്ടർ, നഴ്സ്, സാമൂഹ്യ പ്രവർത്തകർ, ആത്മീയപ്രവർത്തകൻ, ഫിസിയോ തെറാപ്പിസ്റ്റ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവും അടങ്ങുന്നതാണ് പരിചരണ സംഘം. സാംസ്കാരികമായി ഉന്നത നിലവാരം പുലർത്തുന്ന വ്യക്തിക്കേ അന്യരെ രോഗപീഡകളിൽ നിന്നും രക്ഷിക്കാനുള്ള തിരിച്ചറിവുണ്ടാകൂ. ഇത് പ്രകാശപൂർണമായ ഒരു സംസ്കാരത്തിലേക്ക് നയിക്കും. വളരെ സന്തോഷം തോന്നിയ കാര്യം പല മേഖലയിൽ നിന്നും മനുഷ്യ സ്നേഹികൾ മുന്നോട്ട് വരുന്നുണ്ടെന്നതാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ 'പാലിയം ഇന്ത്യ"യുടെ നേതൃത്വത്തിൽ ആയിരത്തി എണ്ണൂറോളം പേർക്ക് കൊവിഡ് ചികിത്സയിൽ പാലിയേറ്റിവ് കെയർ ഉൾപ്പെടുത്താനുള്ള പരിശീലനം കൊടുത്തു. ഇതിൽ 350 പേർ ഡോക്ടർമാരാണ്. ഇവർ വളരെ മികച്ച സേവനമാണ് നൽകിക്കൊണ്ടിരുന്നത്.
സാന്ത്വനചികിത്സയുടെ ആവശ്യകത
ലോകരാജ്യങ്ങൾ വൈദ്യ ശാസ്ത്ര പഠനത്തിനൊപ്പം സാന്ത്വന ചികിത്സയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമാക്കുന്നതോ ആയുസ് നീട്ടിക്കൊടുക്കുന്നതോ അല്ല സാന്ത്വന ചികിത്സ. ജീവിച്ചിരിക്കുന്നിടത്തോളം കാലം രോഗിയുടെ ജീവിതം കൂടുതൽ സുഖപ്രദവും സന്തോഷകരവും ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ചികിത്സാ രീതിയാണിത്. നമ്മുടെ നാട്ടിൽ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായി വരുന്നതേ ഉള്ളൂ. വൈദ്യ ശാസ്ത്രപഠനത്തിന്റെ ഭാഗമായി സാന്ത്വന പരിചരണം 2019 ലാണ് ഇവിടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിത്തുടങ്ങിയത്. കേരളത്തിൽ 1990ൽ കോഴിക്കോട് പെയിൻ & പാലിയേറ്റിവ് കെയർ അനൗപചാരികമായി ആരംഭിച്ചു. 1993ൽ ഇത് അംഗീകൃത സൊസൈറ്റിയായി. ഇവിടെ നിന്ന് വിരമിച്ചപ്പോഴാണ് ഡോ. രാജഗോപാൽ തിരുവനന്തപുരത്ത് പാലിയം ഇന്ത്യ എന്ന സ്ഥാപനം 2006ൽ തുടങ്ങിയത്. സ്വന്തമായൊരു ആസ്ഥാനം ഇത് വരെ ഇല്ലാതെ വാടകക്കെട്ടിടങ്ങളിൽ തുടരുന്നു. (പാലിയം ഇന്ത്യ, ഐഷ മെമ്മോറിയൽ ഹോസ്പിറ്റൽ ബിൽഡിംഗ്, തിരു : മണക്കാട്) ഇവയൊന്നും പ്രവർത്തനങ്ങളെ ബാധിക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ, ആഷ്ല കൃഷ്ണൻ മകളുടെ സ്ഥാനത്ത് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ചെന്നൈയിൽ സോഫ്ട്വെയർ എൻജിനീയർ ആയിരിക്കവേ പട്ടാമ്പിയിലുണ്ടായ ട്രെയിനപകടത്തിൽപെട്ട ഈ പെൺകുട്ടി പവർ ചെയറിലിരുന്ന് കൃത്യനിർവഹണം നടത്തുന്നു. തകർച്ചയിൽ നിന്നും കരകയറി ജീവിതം നയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ പകരുന്നത്. ഏകാന്തതയിൽ മരിക്കുന്നവർക്ക് പലതും പറയാനുണ്ടാകും. രോഗികൾക്ക് സംഘടനയില്ല. ഇവരുടെ അനുഭവങ്ങളിൽ, മുന്നൊരുക്കങ്ങളുടെ സന്ദേശങ്ങളുണ്ട്. സാന്ത്വന ചികിത്സയിലൂടെ സംയമനം പാലിച്ചു തയ്യാറെടുത്തിരിക്കുന്നവർക്ക് അവസാന നിമിഷത്തെ സംഭ്രമമോ അസംതൃപ്തിയോ കുറ്റബോധമോ ഉണ്ടാകില്ല. മുറിപ്പാടുകൾ സൃഷ്ടിക്കാതെ മനുഷ്യരായി ജീവിക്കാൻ രോഗബാധിതരെ സഹായിക്കുക. ആരോഗ്യമുള്ള സമൂഹം, അതാകണം ലക്ഷ്യം. ഡോക്ടർ പറഞ്ഞു നിറുത്തി. പാത്തോളജിസ്റ്റായ ഡോ.ചന്ദ്രികയാണ് ഭാര്യ. അഭിലാഷും അനുരൂപുമാണ് മക്കൾ. അഭിലാഷ് കാലിഫോർണിയയിലെ ആപ്പിൾ കമ്പനിയിലും അനുരൂപ് ബാംഗ്ലൂർ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്യുന്നു.
പാലിയം ഇന്ത്യ: 9746745497
ലേഖികയുടെ ഫോൺ : 9446570573