മറക്കാത്ത അക്ഷരങ്ങളും വരികളും മറ്റൊരിടത്തിരുന്ന് കവി കുറിക്കുമോ? കാവ്യലോകത്തിനെന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി മധുരസുന്ദര ഗാനങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കുക തന്നെ ചെയ്യും. പൂവച്ചലിന്റെ സൗന്ദര്യം തന്നെയായിരുന്നു ഖാദറിന്റെ വരികൾക്കും. പാടശേഖരങ്ങളും കുന്നിൻച്ചെരിവുകളും പാറക്കെട്ടുകളും തോടുകളും സമതലങ്ങളുമെല്ലാമടങ്ങിയ പ്രകൃതി ഖാദറിന്റെ മനസിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. പഠനകാലത്ത് തന്നെ അക്ഷരങ്ങളുമായി കൂട്ടുക്കൂടി. അദ്ധ്യാപകനായ വിശ്വേശരൻ നായർ കയ്യെഴുത്ത് മാസികയായ 'കൈരളി"യ്ക്ക് വേണ്ടി കവിതയെഴുതാൻ നിർദ്ദേശിച്ചത് ജീവിതത്തിൽ വഴിത്തിരിവായി. എത്രയും വേഗം ജോലി സമ്പാദിക്കണമെന്ന ആഗ്രഹത്തോടെ ഉപരിപഠനത്തിന് തിരഞ്ഞെടുത്ത് എൻജിനീയറിംഗ് മേഖലയായിരുന്നു. വായനയും എഴുത്തും അപ്പോഴും കൈവിട്ടില്ല. അങ്ങനെ ഇരുപത്തിമൂന്നാമത്തെ വയസിൽ കോഴിക്കോട് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചു. അതോടെ കോഴിക്കോടിന്റെ കാവ്യസദസുകളിൽ പൂവച്ചലും നിറഞ്ഞ സാന്നിദ്ധ്യമായി. കോഴിക്കോട്, തിരുവനന്തപുരം ആകാശവാണിക്ക് വേണ്ടി നാടകത്തിനും സംഗീതപഠനത്തിന് വേണ്ടിയും ഗാനങ്ങളും ലളിതഗാനങ്ങളും എഴുതിത്തുടങ്ങി. പൂവച്ചൽ ഖാദർ എന്ന പേരിലായിരുന്നു ആ സമയത്തെ എഴുത്ത്.
ആദ്യമായി ഗാനരചന നിർവഹിച്ചത് പീറ്റർ രൂപന്റെ സംഗീതസംവിധാനത്തിൽ 'കാറ്റ് വിതച്ചവൻ" എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. യേശുദാസ് പാടിയ 'മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു" എന്ന പാട്ട് ഒരു തുടക്കമായിരുന്നു. കവിത, ആകസ്മികമായും പാട്ട് സാഹചര്യത്തിന് വേണ്ടിയും രൂപം കൊള്ളുന്നതാണെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.
ഐ.വി.ശശിയുടെ ആദ്യ ചിത്രമായ 'ഉത്സവ"ത്തിലെ എ.ടി. ഉമ്മർ സംഗീത സംവിധാനം ചെയ്ത ' സ്വയംവരത്തിന് പന്തലൊരുക്കി നമുക്ക് നീലാകാശം", 'ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ " തുടങ്ങിയ ഗാനങ്ങൾ സംഗീതസീമയ്ക്കതിരുകളില്ലെന്ന് തെളിയിച്ചു. അങ്ങനെ പാട്ടിന്റെ വഴിയിൽ എ.ടി. ഉമ്മർ ഉറ്റമിത്രമായി മാറുകയും ചെയ്തു. 1979 ൽ പുറത്തിറങ്ങിയ കായലും കയറുമെന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ മികച്ച സംഗീത സംവിധായകനായ കെ.വി. മഹാദേവന്റെ ഈണത്തിൽ മലയാളിയായ പുകഴേന്തിയുടെ സാന്നിദ്ധ്യത്തിൽ 'ശരറാന്തൽ തിരിതാണു, മുകിലിൻ കുടിലിൽ...",'ചിത്തിരത്തോണിയിലക്കരെപോകാൻ..." എന്നീ പാട്ടുകളോടെ തിരക്ക് വർദ്ധിച്ചു. അതോടെ, ജോലിയിൽ നിന്ന് അവധിയെടുത്ത് മദ്രാസിൽ താമസമാക്കി. മുൻഗാമികളെ ഗുരുനാഥൻമാരായി മനസിൽ പ്രതിഷ്ഠിച്ച് എഴുത്ത് തുടർന്നു.
വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, യൂസഫ് അലി കേച്ചേരി, ബിച്ചു തിരുമല തുടങ്ങിയ പ്രമുഖരുടെ ഗാനങ്ങൾക്കൊപ്പം ഖാദറിന്റെ പാട്ടുകൾക്കും സ്ഥാനം ലഭിച്ചു. 'തകര" എന്ന ചിത്രത്തിന് വേണ്ടി എഴുതിയ 'മൗനമേ...നിറയും മൗനമേ..." എന്ന പാട്ടുമാത്രം മതിയാകും അർത്ഥതലങ്ങളുടെ മാസ്മരിക പ്രപഞ്ചം സൃഷ്ടിക്കുന്ന പൂവച്ചൽ ഖാദറിന്റെ മഹത്വം മനസിലാക്കാൻ. ദേവരാജൻ, ബാബുരാജ്, എം.ജി. രാധാകൃഷ്ണൻ, രാഘവൻ, എ.ടി. ഉമ്മർ, യേശുദാസ്, എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, ജെറി അമൽദേവ്, ജയ വിജയ, കെ.വി. മഹാദേവൻ, ശങ്കർ ഗണേഷ്, ഗംഗൈ അമരൻ, ഇളയരാജ, രഘുകുമാർ, ശ്യാം, ഔസേപ്പച്ചൻ, റാം ലക്ഷ്മൺ, ജോൺസൺ, കണ്ണൂർ രാജൻ, രാജസേനൻ തുടങ്ങിയവരുടെ സംഗീതത്തിൽ ഗാനശാഖയ്ക്ക് അതിമധുരമായ സംഭാവനകൾ നൽകി. എം.ജി. രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തിൽ 'രാമായണക്കിളി ശാരികപ്പൈങ്കിളി...," 'ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ..." എന്നീ ലളിതഗാനങ്ങൾ യുവജനോത്സവ മത്സരവേദികളിൽ നിറസാന്നിദ്ധ്യമായി. ദൂരദർശനും മറ്റു മാദ്ധ്യമങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്. ആൽബങ്ങൾക്ക് വേണ്ടിയും ഗാനങ്ങളെഴുതി. 1980 മുതൽ 1995 വരെ സിനിമാ ഗാനശാഖയിൽ സജീവസാന്നിദ്ധ്യമായിരുന്നു.
'മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ..." 'ചിഞ്ചിലും തേൻമൊഴിച്ചിത്തുകൾ..." (ചിത്രം: ദശരഥം, സംഗീതം: ജോൺസൺ) തുടങ്ങിയ ഗാനങ്ങൾ തീവണ്ടിയാത്രയ്ക്കിടെ പിറന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശ്രീകുമാരൻ തമ്പി അവതാരികയെഴുതിയ തന്റെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരമായ 'ചിത്തിരത്തോണിയും, പാടുവാൻ പഠിക്കുവാൻ, കളിവീണ" എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നാടകങ്ങളും രചിച്ചിട്ടുണ്ട്. മദ്രാസിലെ പതിനഞ്ച് വർഷത്തെ ജീവിതത്തിനൊടുവിലാണ് തിരുവനന്തപുരത്ത് താമസമാക്കിയത്.