തിരുവനന്തപുരം: കുളവാഴയും പായലും നിറഞ്ഞ് നാശമായി കിടക്കുന്ന ആക്കുളം കായലിനെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയായി. ഇതിന്റെ
ഭാഗമായി 26 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ജില്ലാഭരണകൂടത്തിന് സർക്കാരിന്റെ അനുമതി. ഇതോടെ തലസ്ഥാനത്തിന്റെ വിനോദ സഞ്ചാര പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വയ്ക്കുകയാണ്. ആറ്റിപ്ര, ചെറുവയ്ക്കൽ വില്ലേജുകളിൽ നിന്നായാണ് ഇത്രയും ഭൂമി ഏറ്റെടുക്കുക. 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമവും അനുസരിച്ചാണിത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് മാന്യവും അർഹവുമായ നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടറാണ് ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് നഷ്ടപരിഹാര തുകയുടെ അഞ്ച് ശതമാനമോ അല്ലെങ്കിൽ 50 ലക്ഷം രൂപയോ
(ഏതാണോ കുറവ്) അത് ട്രഷറി സേവിംഗ്സ് ബാങ്കിൽ കെട്ടിവയ്ക്കണം.ഭൂമി ഏറ്രെടുക്കുമ്പോൾ നഷ്ടപരിഹാരത്തിനുള്ള ബാക്കി തുക വിതരണം ചെയ്തിരിക്കണം. അല്ലെങ്കിൽ ഏറ്രെടുക്കൽ നടപടികൾ നിറുത്തിവയ്ക്കേണ്ടി വരും.
പദ്ധതിച്ചെലവ് 64 കോടി
ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച സമഗ്ര പദ്ധതി ഉടൻ തന്നെ ആരംഭിക്കും. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 64.13 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പരിസ്ഥിതി സൗഹാർദ്ദ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആക്കുളത്തെ നവീകരിക്കാൻ നടത്തുന്ന രണ്ടാമത്തെ വലിയ പദ്ധതിയാണിത്. നേരത്തെ ആക്കുളം കായലിൽ ഡ്രെഡ്‌ജിംഗിന് 17 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും തുടങ്ങാനായിരുന്നില്ല. മാത്രമല്ല, ക്രമക്കേടുകളെ തുടർന്ന് ഇത് വിജിലൻസ് അന്വേഷണത്തിലാണ് ചെന്നെത്തിയത്.
രൂപരേഖ ബാർട്ടൺ ഹിൽ
എൻജി.കോളേജിന്റേത്
പദ്ധതിയുടെ രൂപരേഖ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് (ടി.പി.എൽ.സി) തയ്യാറാക്കിയിരിക്കുന്നത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിലെ മണ്ണ് ഉയർന്നുനിൽക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. കായലിലേക്ക് വന്നുചേരുന്ന തോടുകളായ ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടർ സ്‌പോർട്സ് ഇനങ്ങൾക്ക് പ്രാധാന്യം നൽകിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) ആയി തിരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെയാണ്.
കൈയേറ്റം വ്യാപകം
210 ഏക്കറിലായാണ് ആക്കുളം കായൽ വ്യാപിച്ചു കിടക്കുന്നത്. ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്നതാണ് ആക്കുളം കായൽ. കായലിന്റെ 50 ശതമാനത്തോളം കൈയേറിയ നിലയിലാണ്. ഇതോടെ കായൽ ഉൾപ്പെടുന്ന പ്രദേശം 31.06 സെന്റായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 സെന്റോളം കൈയേറിയിട്ടുണ്ട്. ഇതെല്ലാം തിരിച്ചുപിടിക്കാനും അലോചനയുണ്ട്.
ജലത്തിന്റെ ഗുണമേന്മയ്ക്ക്
പ്രഥമ പരിഗണന
മാലിന്യം നീക്കി ആക്കുളം കായൽ നവീകരിക്കുമ്പോൾ പ്രഥമ പരിഗണന നൽകുന്നത് ജലത്തിന്റെ ഗുണമേന്മയ്ക്ക് ആയിരിക്കും. ഇതിനായി 1100 പോയിന്റുകളിലായി 24 ജലഗുണമേന്മ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പ്രോജക്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ആക്കുളം കായൽ, വേളി കായൽ, മെഡിക്കൽ കോളേജ്, ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം, പഴവങ്ങാടി കനാൽ, തെറ്റിയാർ, പാർവതി പുത്തനാർ എന്നിവിടങ്ങളിലാണ് ഗുണമേന്മ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ലക്ഷ്യം കുടിവെള്ളം
ഉറപ്പാക്കൽ
നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ആക്കുളത്ത് നിന്ന് എത്തിക്കാനാകുമോയെന്നത് കൂടി ലക്ഷ്യമിടുന്നതാണ് ജലത്തിന്റെ ഗുണമേന്മാ പരിശോധന കേന്ദ്രങ്ങൾ. ആരോഗ്യം, വ്യാവസായികം, കൃഷി, ജലസേചനം എന്നിവയ്ക്കും ആക്കുളം കായലിലെ വെള്ളം ഉപയോഗിക്കാനായാൽ വലിയൊരു നേട്ടമായിരിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജലത്തിലെ ബാക്ടീരിയകളുടെ സാന്നിദ്ധ്യം, രാസവസ്തുക്കളുടെ അളവ്, താപനില തുടങ്ങിയവയുൾപ്പടെ വിശദമായി ഈ കേന്ദ്രങ്ങളിൽ പരിശോധിക്കും. ജലപരിശോധനയ്ക്കായി ഉള്ളൂർ തോട്, പഴവങ്ങാടി തോട്, പട്ടം തോട്, മെഡിക്കൽ കോളേജ് തോട്, കണ്ണമ്മൂല തോട്, തെറ്റിയാർ, ആക്കുളം കായൽ എന്നിവയിൽ നിന്നെല്ലാം സാമ്പിളുകൾ ശേഖരിക്കും. ജലത്തിലെ ഓക്സിജന്റെ പി.എച്ച് മൂല്യം, തെളിച്ചം, വാഹകശക്തി എന്നിവയും പരിശോധിക്കും.
ആക്കുളം കായലിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ജലത്തിലെ ഓക്സിജന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. അതിനർത്ഥം കായൽ മലിനമായിരിക്കുന്നു എന്നാണ്. ജലത്തിലെ ജൈവ ഓക്‌സിജന്റെ മൂല്യം വളരെ ഉയർന്നതാണെന്നും ഇത് ഒരു ലിറ്ററിന് 10 മില്ലിഗ്രാം എന്ന തോതിലേക്ക് കൊണ്ടുവരണമെന്നും കായൽ നവീകരണ പദ്ധതി തയ്യാറാക്കിയ വകുപ്പുകൾ ശുപാർശ ചെയ്തിട്ടുണ്ട്.
പഴവങ്ങാടി തോടിന്റെ സ്ഥിതിയാണ് ഏറ്റവും ദയനീയം. ഇവിടെ ബി.ഒ.ഡി മൂല്യം വളരെ ഉയർന്നതും ഓക്‌സിജന്റെ അളവ് കുറവാണെന്നും കണ്ടെത്തി. ഒബ്സർവേറ്ററി ഹില്ലിൽ നിന്ന് ആരംഭിക്കുന്ന പഴവങ്ങാടി തോട് അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ, വഞ്ചിയൂർ, പാറ്റൂർ പ്രദേശങ്ങളിലൂടെ ഒഴുകിയാണ് പാറ്റൂരിലെ ആമയിഴഞ്ചാൻ തോടിൽ ചേരുന്നത്. ഈ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ നിക്ഷേപിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മറ്റ് പരിഗണനകൾ
ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ.
ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായി ഇരിപ്പിടം.
റെസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ.
ബാംബൂ ബ്രിഡ്ജ്.
ഗ്രീൻ ബ്രിഡ്‌ജ്.
പരിസ്ഥിതി മതിലുകൾ.
ഇടനാഴികൾ.
കല്ലുകൾ പാകിയ നടപ്പാതകൾ.
സൈക്കിൾ ട്രാക്ക്.