കവിതയുടെ ആവണികൊമ്പത്ത് ഊഞ്ഞാലാടിയ കവിയാണ് എസ്. രമേശൻ നായർ.സമകാലികരിലെ ഋഷിതുല്യനായ കവിയാണദ്ദേഹം. ഭക്തിയും പ്രണയവും വിരഹവുമെല്ലാം നിറഞ്ഞ രചനകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്...
കുട്ടിക്കാലം മുതൽക്കേ കവിതകൾ എഴുതാൻ അതിയായി ആഗ്രഹിച്ച ബാലൻ. മനസിനെ തൊട്ടുണർത്തിയ, പ്രിയതരമായ വരികളെ അവൻ കടലാസുകളിൽ കുറിച്ചിട്ടു. ആ കാവ്യശകലങ്ങളെ പുറംലോകത്തെത്തിക്കാനായി അവന്റെ മനസ് തുടിച്ചു. മലയാളം മുഴുവൻ അംഗീകരിക്കുന്ന കവിയാകണം. പിന്നെയും കവിതകളെഴുതി. മടിച്ചുമടിച്ചവൻ ആ കടലാസുകഷണങ്ങളെ തന്റെ പ്രിയപ്പെട്ടവർക്കു നേരെ നീട്ടി. ഏവരിൽനിന്നുമുള്ള പ്രോത്സാഹനങ്ങൾ ഏറിയതോടെ കാവ്യലോകത്തിന്റെ വിശാലതകളിലേക്ക് അവൻ തന്റെ മനസിനെ പറത്തിവിട്ടു. അങ്ങനെ അർത്ഥഗുണം നിറഞ്ഞതും, ആശയ ഗാംഭീര്യം ചോരാത്തതുമായ കാവ്യബിംബങ്ങൾ ഒന്നൊന്നായി ഉയിർകൊണ്ടു. അതിലൂടെ മലയാളത്തിന്റെ മനസുതൊട്ട എസ് രമേശൻ നായരെന്ന പ്രിയകവിയായി ആ ബാലൻ വളർന്നുയർന്നു.
ജന്മംകൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളഭാഷയെ അഗാധമായി സ്നേഹിച്ചതാണ് രമേശൻ നായരെ ഏവരും അംഗീകരിക്കുന്ന കവിയാക്കി തീർത്തത്. ആഴമേറിയ വായനയിലൂടെ ആർജ്ജിച്ചെടുത്ത പദമുത്തുകൾ കവിതകളിലെന്നതുപോലെ ഭക്തിഗാന–ചലച്ചിത്രഗാനങ്ങളിലും അദ്ദേഹം വാരിവിതറി. ഭക്തിഗാനരചനാ ലോകത്തേക്ക് നാളികേരം ഉടച്ചും പുഷ്പാഞ്ജലി കഴിപ്പിച്ചും രംഗപ്രവേശം ചെയ്ത കവിയാണ് രമേശൻ നായർ. ഒരിക്കൽ അദ്ദേഹം എഴുതിയ കുറച്ചു ഗാനങ്ങൾ സംഗീത സംവിധായകനായ പി. കെ. കേശവൻ നമ്പൂതിരി കാണാനിടയായി. കാവ്യഗുണം തുളുമ്പുന്ന ലളിത സുന്ദര പദാവലികൾ. ഗാനമാക്കിയാൽ നന്നാവുമെന്ന അഭിപ്രായവും ഉയർന്നു. വരികൾക്കനുയോജ്യമായി ഈണങ്ങൾ കൂടി പിറന്നുവെങ്കിലും എവിടെയോ ഒരു തടസം. ആ തടസം മാറ്റാനായി, കേശവൻ നമ്പൂതിരിയുടെ അഭിപ്രായത്താൽ, രമേശൻ നായർ വിഘ്നേശ്വരനെ മനസിൽ ധ്യാനിച്ച് വാക്കുകൾ കൊണ്ട് നാളികേരമുടച്ചു.
'വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടക്കുവാൻ വന്നു... "
ഭാവഗായകനായ ജയചന്ദ്രന്റെ ഭാവഗരിമയാർന്ന ആലാപനഭംഗിയാൽ മലയാളികളുടെ മനസിനെ തൊട്ടു 'പുഷ്പാഞ്ജലി"യിലെ ഓരോ ഗാനരത്നങ്ങളും. നാല്പതു വർഷങ്ങൾക്കിപ്പുറവും ഇതിലെ ഗാനങ്ങൾ, പുലരികളെ പുളകം കൊള്ളിച്ചുകൊണ്ട് ഭക്തിസാന്ദ്രമാക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു പങ്ക് എസ്. രമേശൻ നായർക്കും സ്വന്തം. തുടർന്ന് വനമാല, മയിൽപീലി എന്നിവയിലെ ഭക്തിരസമേറിയ ഗുരുവായൂരപ്പ ഗാനങ്ങളും ജനങ്ങളേറ്റുപാടി. പിന്നീട് എത്രയോ ഭക്തിഗാനങ്ങൾ രമേശൻ നായരുടെ തൂലികയിൽ നിന്ന് രാധയുടെ നിഷ്കളങ്ക പ്രേമം പോലെ ഉതിർന്നു വീണു. ഗുരുവായൂരപ്പനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് ഏറ്റവും അധികം ഗാനങ്ങൾ രചിച്ചു രമേശൻ നായർ. അതിനു തനിക്ക് സാധിച്ചതാകട്ടെ തന്റെ ഹൃദയത്തിനുള്ളിലെ ഗുരുവായൂരപ്പൻ തന്നെയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുമുണ്ട്.
ആകാശവാണിയിലെ ഔദ്യോഗിക ജീവിതത്തിൽ ഒട്ടേറെ റേഡിയോ നാടകങ്ങളും രമേശൻ നായർ രചിച്ചിട്ടുണ്ട്. അവയിലാകട്ടെ ശതാഭിഷേകം, വികടവൃത്തം എന്നീ നാടകങ്ങൾ ഏറെ പ്രസിദ്ധവും. തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ അദ്ദേഹം കൂടുതലും കൂട്ടുകൂടിയിരുന്നത് കവിതകളോടായിരുന്നു. മിക്കതും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കുറിക്കു കൊള്ളുന്ന കവിതകൾ. നാമെല്ലാവരും ഒന്നാണെന്നു വിളിച്ചോതുന്നവ. കാഴ്ചപ്പാടിലും വിഷയാവതരണത്തിലും അദ്ദേഹം മലയാളത്തിൽ പുതിയൊരു വഴി തന്നെ തുറന്നിട്ടു. വൃത്ത നിബദ്ധമാണെങ്കിലും ആർക്കും അതിലെ കാവ്യാസ്വാദനം എളുപ്പത്തിൽ നടത്താം എന്നതാണ് രമേശൻ നായരുടെ കവിതകളിലെ എടുത്തു പറയേണ്ട പ്രത്യേകത. കന്നിപൂക്കൾ, പാമ്പാട്ടി, ഹൃദയവീണ, ഉർവശിപൂജ, കസ്തൂരിഗന്ധി, അഗ്രേ പശ്യാമി, ജന്മ പുരാണം, സൂര്യ ഹൃദയം, അളകനന്ദ, സരയൂ തീർത്ഥം, ഭാഗ പത്രം, ചരിത്രത്തിന് പറയാനുള്ളത്, സ്വാതി മേഘം, ശ്യാമക്കൊരു പൂവ് തുടങ്ങിയ കൃതികൾ മലയാളത്തിനു ലഭിച്ച കാവ്യരത്നങ്ങളാണ്.
തമിഴ് ഭാഷയിലും രമേശൻ നായർക്ക് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. തമിഴ് ക്ലാസിക്കുകളായ തിരുവള്ളുവരുടെ തിരുക്കുറൾ, ഇളങ്കോവടികളുടെ ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ, കരുണാനിധിയുടെ തെൻപാണ്ടി സിംഹം തുടങ്ങിയവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും അദ്ദേഹം തന്നെ. ഇളയരാജയെക്കുറിച്ച് എഴുതിയ സംഗീത കനവുകൾക്കും ആസ്വാദകരേറെ. സിനിമയിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ രചിച്ചുവെങ്കിലും അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല എന്നത് എടുത്തു പറയേണ്ടതുതന്നെയാണ്. പക്ഷേ, കുട്ടിക്കാലത്ത് എന്താവാനാണോ ആഗ്രഹിച്ചത് ആ മേഖലയിൽ തിളങ്ങി നിൽക്കാനും ബഹുമതികൾ വാരിക്കൂട്ടാനും രമേശൻ നായർക്ക് കഴിഞ്ഞു. നമ്മുടെ പഴയ കവികളെപ്പോലെ ഋഷിതുല്യനായ കവിയെന്നാണ് എസ്. രമേശൻ നായരെ കഥകളുടെ തമ്പുരാനായ ടി പത്മനാഭൻ വിശേഷിപ്പിച്ചത്. കേരള സാഹിത്യ അക്കാഡമി പുരസ്കാരം, ഇടശ്ശേരി അവാർഡ്, പൂന്താനം അവാർഡ്, വെണ്മണി പുരസ്കാരം, ഉള്ളൂർ പുരസ്കാരം, കേരള പാണിനി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യ മഹിമയ്ക്കു ലഭിച്ച അംഗീകാരങ്ങളാണ്.
കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുദേവനെ കുറിച്ചുള്ള 'ഗുരു പൂർണ്ണിമ'യാണ് രമേശൻ നായരുടെ മാസ്റ്റർ പീസ്! ഗുരുവിന്റെ മഹത്വം ലോകത്തെ അറിയിക്കുന്നതിനായി രചിച്ച കാവ്യം. ഗുരുദേവന്റെ ജീവിതവും ദർശനവും ഭാവാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ഈ കാവ്യാഖ്യായികയിൽ. ഗുരുദേവന്റെ ആത്മീയചൈതന്യം അക്ഷരങ്ങളിലേക്കാവാഹിച്ച ഈ കാവ്യത്തിനാണ് 2018 ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് തേടിയെത്തിയതും.
വളരെ അവിചാരിതമായി എൺപതുകളുടെ മധ്യത്തിലാണ് രമേശൻ നായർ ചലച്ചിത്രഗാന രചയിതാവിന്റെ മേലങ്കിയണിയുന്നത്. അതിനു നിമിത്തമായതാകട്ടെ എം ടിയും. രംഗം എന്ന ചിത്രത്തിനുവേണ്ടി 'വനശ്രീ മുഖം നോക്കി വാൽകണ്ണെഴുതുമീ..." എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ കാവ്യശ്രീയായി മാറി അദ്ദേഹം. രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിലെ 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...' എന്ന ഗാനം രമേശൻ നായർക്ക് മലയാള ചലച്ചിത്രഗാന ലോകത്തിന്റെ ഉമ്മറക്കോലായിൽതന്നെ സ്ഥാനമുറപ്പിച്ചുകൊടുത്തു. കാവ്യസൗന്ദര്യത്താൽ ആരും തന്നെ മൂളാൻ കൊതിക്കുന്ന ഈണങ്ങളായി അദ്ദേഹത്തിന്റെ രചനകൾ മാറിയപ്പോൾ ഗാനാസ്വാദകർക്ക് ലഭിച്ചതോ നൂറുക്കണക്കിന് ഗാനങ്ങളും. 1997ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്ക് മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത 'ഗുരു' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ പിറവി വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
എത്ര പൂക്കാലമിനി എത്ര മധുമാസം, നീയെൻ കിനാവോ, കിളിയെ കിളിയേ, ചന്ദനം മണക്കുന്ന പൂന്തോട്ടം, ഓ.. പ്രിയേ, ഒരു രാജമല്ലി വിരിയുന്ന പോലെ, നന്ദലാലാ.. ഹേ.. നന്ദലാലാ, ആവണിപൊന്നൂഞ്ഞാൽ ആടിക്കാം, ബെല്ലാ ബെല്ലാ ബെല്ലാ ഹേ, ശലഭം വഴിമാറുമാ, ദേവസംഗീതം നീയല്ലോ,ഗുരു ചരണം ശരണം, ശരപൊളി മാല ചാർത്തി,പാൽ നിലാവിൻ കളഹംസമേ, അമ്പാടി പയ്യുകൾ മേയ്യും, പൊന്നിട്ട പെട്ടകം പൂട്ടല്ലേ... തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനാകുസുമങ്ങളിൽ ചിലതു മാത്രം.
(ലേഖകന്റെ ഫോൺ: 9846689293)