vaccine

ചിറ്റൂർ: ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിൻ ലഭിച്ച ഗ്രാമീണർക്ക് ആശുപത്രിയിൽ നിന്ന് രണ്ടാമത് നൽകിയത് കൊവാക്‌സിൻ. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ആശുപത്രി അധികൃതരിൽ നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായത്. ചിറ്റൂരിലെ ഗുഡയാനംപള‌ളി ഗ്രാമത്തിൽ ഏപ്രിൽ ആദ്യവാരം ഗ്രാമവാസികൾക്ക് കൊവിഷീൽഡ് കുത്തിവച്ചു. തുടർന്ന് രണ്ടാം ഘട്ട വാക്‌സിനേഷനെത്തിയവരിലാണ് ഞായറാഴ്‌ച കൊവാക്‌സിൻ കുത്തിവച്ചത്.

എന്നാൽ കുത്തിവയ്‌പ്പെടുത്ത 27 പേർക്കും പ്രശ്‌നമൊന്നുമില്ലെന്നും ഇവരുടെ വാക്‌സിനേഷൻ വിവരങ്ങൾ അപ്ഡേ‌റ്റ് ചെയ്‌ത സോഫ്‌റ്റ്‌വെയറിലെ തകരാറുകൊണ്ടാണ് വാക്‌സിൻ മാറി നൽകിയതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ കുത്തിവയ്‌പ്പെടുത്തവരോട് ആരോഗ്യവകുപ്പ് അധികൃതർ വിവരങ്ങളൊന്നും ചോദിച്ചില്ലെന്നാണ് വിവരം.

സംഭവത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 'സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കുത്തിവയ്‌പ്പ് എടുത്തവരുടെ വിവരങ്ങളെടുക്കാൻ നഴ്‌സിന് കഴിഞ്ഞില്ല. അതാണ് കുഴപ്പമായത്. എന്നാൽ കുത്തിവയ്‌പ്പെടുത്ത 27 പേരും പ്രശ്‌നങ്ങളൊന്നുമില്ലാതെയിരിക്കുന്നു.' ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.യു. ശ്രീഹരി പറഞ്ഞു.

സംഭവത്തിൽ ആന്ധ്രാ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമവാസികൾക്ക് കുത്തിവയ്പ്പ് നൽകിയ നഴ്‌സിനെ കുറിച്ച് ഗ്രാമത്തിലെ ജനങ്ങൾക്ക് വളരെ നല്ല അഭിപ്രായമാണ്. നഴ്സിനെതിരെ നടപടിയെടുക്കരുതെന്നാണ് ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്. വാക്‌സിനെടുക്കാനെത്തിയയാൾ തെറ്റായ വാക്‌സിൻ വയൽ എടുക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.