ഹുവഹിനി(തായ്‌ലൻഡ്): സമയം അർദ്ധരാത്രി. സുഖശീതളമായ കാലാവസ്ഥ. തെക്കൻ തായ്‌ലൻഡിലെ ഹുവഹിനിഗ്രാമത്തിലെ കൊച്ചുവീട്ടിൽ ഗൃഹനാഥനായ രചദവൻ ഫംഗ്‌പ്രാസോപോർണും ഭാര്യയും ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നു. പെട്ടെന്ന് എന്തോ ഭയങ്കരമായ ശബ്ദംകേട്ട് അവർ ഞെട്ടിയുണർന്നു. അടുക്കളഭാഗത്താണ് ശബ്ദം എന്ന് മനസിലാക്കി അങ്ങോട്ടോടി. അവിടെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. അടുക്കളുടെ ഒരുവശത്തെ ചുമർ തകർത്ത് തല അകത്തേക്കിട്ട് ഒരു പടുകൂറ്റൻ ആന. ഇരുവരെയും കണ്ടെങ്കിലും ഒരു കൂസലും കൂടാതെ ആന അടുക്കളയിലെയും സ്റ്റോർമുറിയിലെയും പാത്രങ്ങളുടെ അടപ്പുകളെല്ലാം സാവധാനം തുറന്നുനോക്കുന്നു.
ഭക്ഷണമന്വേഷിച്ചാണ് ആന എത്തിയതെന്ന് അവർക്ക് വ്യക്തമായി. ഇതിനിടെ അരിയുൾപ്പടെ അടുക്കളയിലുണ്ടായിരുന്ന ഒട്ടുമിക്ക ഭക്ഷ്യ വിഭവങ്ങളും ആന അകത്താക്കിയിരുന്നു. വയർ നിറഞ്ഞിട്ടും അടുക്കളയുടെ സമീപത്ത് കറങ്ങി നിന്ന ആനയെ വളരെ പണിപ്പെട്ടാണ് ഇരുവരും ചേർന്ന് തുരത്തിയത്. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം.
ഭക്ഷണത്തിന്റെ മണമടിച്ച് ആന രചദവന്റെ വീട്ടിലെത്തുന്നത് ആദ്യമായല്ല. രുചിയും മണവുമുള്ള ഭക്ഷണം ഉണ്ടാക്കുന്ന പല ദിവസങ്ങളിലും വീടിന് സമീപത്ത് ആന ചുറ്റിത്തിരിഞ്ഞ് നിൽക്കുന്നത് ഇവർ കണ്ടിട്ടുണ്ട്. പക്ഷേ, വീടുതകർത്ത് അകത്തുകയറിയത് ആദ്യമായാണ്. ഇനി ഇത്തരത്തിലുള്ള ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രദേശിക വന്യജീവി ഉദ്യോഗസ്ഥരുടെ അടുക്കലെത്തിയ രചദവനും ഭാര്യയും അവരുടെ നിർദ്ദേശം കേട്ട് അന്തംവിട്ടുപോയി. ഇനിമേലിൽ അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കാതിരിക്കണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉപദേശം. പ്രശ്നത്തിന് പരിഹാരം തേടി ഉയർന്ന ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് രചദവൻ. വീടും മതിലും നന്നാക്കാനും നല്ലൊരു സംഖ്യ ചെലവാകും. ഇക്കാര്യവും ഉദ്യോഗസ്ഥരെ അറിയിക്കും.
തായ്‌ലൻഡിലെ കാട്ടിൽ 2,000 ഏഷ്യൻ ആനകൾ ഉണ്ടെന്നാണ് കണക്ക്. ഇവ പലപ്പോഴും മനുഷ്യരുമായി സമ്പർക്കത്തിൽ വരാറുണ്ട്. അത്തരത്തിൽ അടുക്കുന്ന ആനകളുടെ സ്വഭാവം മനുഷ്യരിൽ നിന്ന് ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്കനുസരിച്ച് മാറ്റം വരുത്തുമെന്നാണ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മനുഷ്യർ കഴിക്കുന്ന ചില പ്രത്യേക രുചിയുള്ള ഭക്ഷണ പദാർത്ഥങ്ങളോട് ആനകൾക്ക് താത്പര്യമെന്നും അവർ വ്യക്തമാക്കുന്നു.