atm

ചെന്നൈ: സാധാരണ എടി‌എം കേന്ദ്രങ്ങളിൽ പണം തട്ടിയെടുക്കുന്നതോ മറ്റ് തരം മോഷണങ്ങളോ തടയാൻ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഏ‌ർപ്പെടുത്താറ്. കാവലിന് സെക്യൂരി‌റ്റി, ക്യാമറകൾ, മെഷീനിൽ കള‌ളത്തരം പിടികൂടാൻ സെൻസറുകൾ എന്നിവ എടിഎമ്മിലുണ്ട്.

എന്നാൽ ഇത്തരം സുരക്ഷാ മുൻകരുതലെല്ലാം ഉണ്ടായിരുന്നിട്ടും ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിലെ എ‌ടിഎമ്മുകളിൽ നിന്നും പണം മോഷണം പോയി. ഗ്രേ‌റ്റർ ചെന്നൈ പൊലീസിന് ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചു. നഗരത്തിലെ വേളാചേരി, താരാമണി, വൽസരവക്കം, രാമപുരം എന്നിവിടങ്ങളിലെ എസ്‌ബി‌ഐ എടിഎമ്മുകളിൽ നിന്നാണ് ഇത്തരത്തിൽ ലക്ഷങ്ങൾ കള‌ളന്മാർ അടിച്ചുമാറ്റിയത്.

എന്നാൽ പരിശോധനക്കെത്തിയ പൊലീസിന് എടി‌എം കുത്തിപൊളിച്ചതിന്റെയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എടി‌എമ്മുകളിൽ ബാങ്ക് അധികൃതർ നിക്ഷേപിച്ച പണത്തിന്റെയും എടിഎമ്മുകളിൽ നിന്നും പിൻവലിച്ച പണത്തിന്റെയും കണക്കിൽ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടതാണ് അധികൃതർ പരാതി നൽകാൻ കാരണം.

എസ്‌ബി‌ഐയിലെ അലാറം സംവിധാനം ഏ‌ർപ്പെടുത്തിയിരിക്കുന്നത് ഒരു ജാപ്പനീസ് കമ്പനിയാണ്. എടി‌എം മെഷീനിലെ തടസങ്ങൾ എവിടെയെല്ലാമാണെന്ന് കള‌ളന്മാ‌ർ ആദ്യമേ മനസിലാക്കിയതായാണ് പൊലീസ് കണ്ടെത്തൽ. ഒരിക്കൽ പിൻ നമ്പ‌ർ കൊടുത്ത് പണം എടുത്താൽ ഇരുപത് സെക്കന്റുകൾക്കകം പണം എടുക്കണം. ഇതിന് സാധിച്ചില്ലെങ്കിൽ പണം തിരികെ മെഷീനിലേക്ക് പോകും. ഇത്തരത്തിൽ പണം അകത്തേക്ക് പോകുന്ന സെൻസർ തടഞ്ഞാണ് കള‌ളന്മാ‌ർ പലവട്ടമായി പണം തട്ടിയത്. ഇതുമൂലം പണം പിൻവലിച്ചില്ലെന്ന് മെഷീനിൽ കാണിക്കുകയും ചെയ്യും.

സംഭവത്തിൽ അറസ്‌റ്റ് ഒന്നും നടന്നിട്ടില്ലെങ്കിലും എടിഎമ്മുകൾക്ക് സമീപത്തുകൂടി സംശയാസ്‌പദമായ നിലയിൽ രണ്ട് പേർ നടക്കുന്നത് സിസിടിവി ക്യാമറയിൽ കണ്ടതായി പൊലീസ് അറിയിച്ചു.