കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ വിയോഗം മലയാള ചലച്ചിത്ര - സാഹിത്യ - ഗാന ശാഖയ്ക്ക് വലിയ നഷ്ടമാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ആളുകൾക്കിടയിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്ന ഗാനങ്ങളും കവിതകളുമായിരുന്നു അദ്ദേഹത്തിന്റേത്. 1990കളിലും 2000ന്റെ തുടക്കത്തിലും മലയാള ചലച്ചിത്ര ഗാനരംഗത്ത് തിളക്കമാർന്ന വ്യക്തിത്വമായിരുന്നു രമേശൻ നായർ. അദ്ദേഹം എല്ലാം കൃതികളും തനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു.
തികഞ്ഞ ശ്രീനാരായണ ഗുരു വിശ്വാസിയായ അദ്ദേഹം ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യരെ തുല്യരായാണ് കണ്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ മുൻനിറുത്തി രചിച്ച ഗുരുപൗർണമി എന്ന കൃതി അദ്ദേഹത്തെ പ്രശസ്തനാക്കി. ആ കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചത്.
നമുക്ക് നഷ്ടമായത് അക്ഷര സൂര്യനെയാണ്. അദ്ദേഹവുമായുള്ള തന്റെ അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടയിൽ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടത് പുനർനിർമ്മിച്ച അദ്ദേഹത്തിന്റെ വീട്ടിൽ വിളക്ക് കത്തിക്കണമെന്ന് മാത്രം. ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നതായും ഗോകുലം ഗോപാലൻ പറഞ്ഞു.