മനില:രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവർക്ക് മുന്നറിയിപ്പുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടർട്ട്. രാജ്യത്തെ പൗരന്മാർക്ക് വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണെന്നും എന്നാൽ കുത്തിവയ്പപ് എടുക്കാത്തവരെ താൻ ജയിലിലടയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയിലിലടയ്ക്കുന്നവർക്ക് ബലമായി വാക്സിൻ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വാക്സിനേഷൻ നിരക്ക് താഴ്ന്ന നിലയിൽ തുടരുന്നതിനിടെയാണ് ഡ്യൂട്ടർട്ടിന്റെ പ്രതികരണം. 'വാക്സിനെടുക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾ ഫിലിപ്പൈൻസ് വിട്ടു പോകുക, ഇവിടെ തുടരുന്നിടത്തോളം കാലം നിങ്ങൾ വൈറസ് വാഹകരായി പ്രവർത്തിക്കാനിടയുള്ളതിനാൽ വാക്സിൻ എടുക്കുക തന്നെ വേണം' ഡ്യൂട്ടർട്ട് പറഞ്ഞു.
വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാത്രം വാക്സിൻ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പൈൻസ് റദ്ദാക്കി. മൊബൈൽ
ഫോണിൽ സന്ദേശങ്ങളിലൂടെ 28,000 പേർക്ക് വാക്സിൻ എടുക്കാനുള്ള അറിയിപ്പ് നൽകിയിട്ടും 4,402 പേർ മാത്രമാണ് വാക്സിനെടുക്കാൻ തിങ്കളാഴ്ച ഹാജരായത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഡെൽറ്റ ഉൾപ്പെടെയുള്ള അപകടകാരിയായ വകഭേദം റിപ്പോർട്ട് ചെയ്തിട്ടും ജനങ്ങൾ വാക്സിനെടുക്കാൻ കൂട്ടാക്കാത്ത സാഹചര്യമാണ് ഫിലിപ്പൈൻസിലുള്ളത്. രാജ്യത്ത് ഇതുവരെ 1.3 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 23,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം 70 ദശലക്ഷം ആളുകൾക്ക് കുത്തിവയ്പ്പ് നൽകാനാണ് ഫിലിപ്പൈൻസ് സർക്കാർലക്ഷ്യമിടുന്നതെങ്കിലും ജൂൺ 20 വരെയുള്ള കണക്കുകൾ പ്രകാരം 2.1 ദശലക്ഷം പേർ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്.