തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നോഡൽ ഓഫീസറെ സഹായിക്കുന്നതിനായി ഒരു വനിതാ എസ്.ഐയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 9497999955 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാവുന്നതാണ്. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക് പകരരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിന് ഉതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റുകയാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിൻെറ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നത് എന്നത് നിസാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ (9497996992) നാളെ നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം (ഫോൺ 9497900999, 9497900286) എന്നും മുഖ്യമന്ത്രി അറിയിച്ചു.