പാലക്കാട്: നെന്മാറ അളുവശ്ശേരിയിലെ പാർവതി അമ്മാൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി പാലക്കാട് ജില്ലാ പൊലീസ്മേധാവി ആർ.വിശ്വനാഥ് ഉത്തരവിട്ടു. രണ്ടര വർഷമായിട്ടും ലോക്കൽ പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് നൽകിയത്.
2018 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അളുവശ്ശേരി നിലംപതി പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാൾ (75)നെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പതിറ്റാണ്ടുകളായി പലഹാര കച്ചവടവും പൊരിക്കച്ചവടവും നടത്തിയാണ് പാർവതിയമ്മാൾ കഴിഞ്ഞിരുന്നത്. തനിച്ചു താമസിച്ചുവരുന്ന പാർവ്വതിയമ്മാൾക്ക് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകുമെന്ന് നിഗമനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പക്ഷേ, രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ, പ്രതികളെ പിടികൂടാനോ ലോക്കൽ പൊലീസിനായിട്ടില്ല.
15 സെന്റ് വീട്ടുവളപ്പിലെ ഓടിട്ട വീട്ടിൽ പാർവതിയമ്മാൾ ഒറ്റയ്ക്കായിരുന്നു താമസം. തേങ്ങയിടാൻ ഏൽപ്പിച്ചയാൾ രാവിലെ വന്നു വിളിച്ചപ്പോൾ വിളികേൾക്കാതിരുന്നതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലിൽ നിന്ന് വീണ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്നിരുന്നതിന്റെ അടുത്ത മുറിയിൽ നിന്ന് രക്തക്കറയുള്ള കത്തിയും കണ്ടെത്തിയിരുന്നു. ആഭരണവും വർഷങ്ങളായി ഇവർ ഉപയോഗിച്ചിരുന്ന പണവും പണസഞ്ചിയും നഷ്ടപ്പെട്ടെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. കഴുത്തിൽ ഒൻപത് സെന്റീമീറ്റർ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 120 ലധികം പേരെചോദ്യം ചെയ്തിതിരുന്നു. പോളിഗ്രാഫ് പരിശോധന മുൻഗണന അടിസ്ഥാനത്തിൽ പരിശോധിയ്ക്കുന്നതിനാൽ റിസൾട്ടു കിട്ടുന്നതിൽ താമസം നേരിട്ടിരുന്നു. റിസൾട്ടു ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ അനാസ്ഥയാണെന്ന് സമീപവാസികളും ബന്ധുക്കളും ആരോപിക്കുന്നു.