covid-delta

ജനീവ: കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിനിടെ ഇവയ്ക്കെതിരെ നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തിയിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. കൊവിഡിനെ യഥാസമയം നിയന്ത്രിക്കുന്നതിൽ ലോകരാജ്യങ്ങൾ വിജയിച്ചില്ലെങ്കിലും വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ വകഭേദങ്ങൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ നേരത്തേ തന്നെ മുന്നറിയിപ്പ് നല്കിയിരുന്നു. കൊവിഡിന്റെ അതി തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞു വരികയാണെന്ന് ലോകാരോഗ്യ സംഘടന അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ വാക്സിനുകൾ വാക്സിനുകൾ കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്കും കുറയ്ക്കാൻ ഏറെ സഹായകരമാണെങ്കിലും പുതിയ ജനിതക വ്യതിയാനം വന്ന വകഭേദങ്ങൾക്കെതിരെ ഫലപ്രദമാകാത്ത സ്ഥിതി വിശേഷം സംജാതമാകാമെന്ന് ലോകാരോഗ്യ സംഘടന അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ വ്യാപക നാശം വിതച്ച അതി തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ലോകരാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗ വ്യാപനത്തിന് തടയിടുന്നതിൽ നാം വിജയിച്ചില്ലെങ്കിൽ ഇതിലും അപകടകാരിയായ വാക്സിനുകൾ ഫലപ്രദമാകാത്ത പുതിയ വകഭേദങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് വളരെ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 38.88 ലക്ഷം പേർ മരിച്ചു. പതിനാറ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു.എസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. 6.17 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് കോടി എൺപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഫൈസർ വാക്സിൻ ഉടൻ

ഫൈസറിന്റെ കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ഉടൻ ലഭിക്കുമെന്ന് ഫൈസർ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് - ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് 200 കോടി ഡോസ് നല്കാനാണ് പദ്ധതിയിടുന്നത്. ഇതിൽ 100 ഡോസ് വാക്സിൻ ഈ വർഷം നല്കും. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. ഇന്ത്യയുടെ വാക്സിനേഷൻ ദൗത്യത്തിന് ശക്തി പകരാൻ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതോടെ ഇന്ത്യയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും അഭിപ്രായപ്പെട്ടിരുന്നു.