തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുളള പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കേരളമാകെ ചർച്ചയാവുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ എ.എ. റഹിം മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസിന്റെ ബലം കൊണ്ടും മനസാന്നിദ്ധ്യം കൊണ്ടും മാത്രം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാത്ത പെൺകുട്ടി. ആ യുവതിയെ പീഡിപ്പിച്ചയാളെ ഒരു പക്ഷേ താങ്കൾക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കിൽ പരിചയപ്പെടുത്താം. പേര് പി.എ. മുഹമ്മദ് റിയാസ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. റിയാസിനെതിരെ മുൻ ഭാര്യ പരാതി നൽകിയ വേളയിലെ പത്രവാർത്തയും സന്ദീപ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട എ എ റഹിമിനോട്.
ഇന്ന് താങ്കൾ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നൽകാൻ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കൾ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാത്ത പെൺകുട്ടി. താങ്കളുടെ അഭിപ്രായത്തിൽ ഒരു ധീര യുവതി. അവർ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താൽ "കോപ്പിലെ പരിപാടിയുടെ ഇരയായി."
ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കൾക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കിൽ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവിൽ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങൾ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അത് വായിക്കുമ്പോൾ മനസിലാകും വിസ്മയ എത്രയോ 'ഭാഗ്യം' ചെയ്ത കുട്ടിയാണെന്ന്. അധികം ക്രൂരത ഏറ്റു വാങ്ങാൻ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്പോൾ താങ്കളുടെ സഹപ്രവർത്തകന് കൂടി നൽകാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കിൽ സമീഹയുടെ വീട്ടിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം.