കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി പി.ടി. തോമസ് എം.എല്‍.എയ്ക്ക് അന്ന കിറ്റെക്സ് ഗ്രൂപ്പ് വക്കീല്‍ നോട്ടിസ് അയച്ചു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കിറ്റെക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം ജില്ലയിലെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കി വിടുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്യുന്നുവെന്ന് തോമസ് നേരത്തെ ആരോപിച്ചിരുന്നു.
അര നൂറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിന് തോമസ് കളങ്കമുണ്ടാക്കി എന്നാണ് ആരോപണം. കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന് സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
തിരുപ്പൂരില്‍നിന്ന് സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ത്തലാക്കിയ കമ്പനികള്‍ കിഴക്കമ്പലത്ത് സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു എന്നും മറ്റു കമ്പനികള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നതായും തോമസ് ആരോപിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കമ്പനി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും കടമ്പ്രയാര്‍ നദി മലിനപ്പെട്ടുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.