vaccine

ന്യൂഡൽഹി: രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റുരാജ്യങ്ങളിലേക്ക് വാക്‌സിൻ നൽകുന്നത് ഇന്ത്യ നി‌ർത്തിവച്ചതാണ്. ഏപ്രിൽ മാസത്തിലായിരുന്നു രാജ്യത്തെ പൗരന്മാ‌ർക്ക് വാക്‌സിൻ നൽകാനായി മറ്റു രാജ്യങ്ങൾക്ക് വാക്‌സിൻവിതരണം ഇന്ത്യ നിർത്തിയത്. ഇപ്പോൾ രണ്ടാംഘട്ട വ്യാപനം കുറഞ്ഞ സ്ഥിതിയ്‌ക്ക് വാക്‌സിൻ വിതരണം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്തെ വാക്‌സിൻ നി‌ർമ്മാണത്തിന്റെ തോതനുസരിച്ച് ജൂലായ് മാസം അവസാനമോ ഓഗസ്‌റ്റ് ആദ്യമോ ഇന്ത്യ 'വാക്‌സിൻ മൈത്രി' പുനരാരംഭിച്ചേക്കും. എന്നാൽ ഇത്തവണ വിദൂരരാജ്യങ്ങൾക്ക് വാക്‌സിൻ നൽകില്ല. പകരം അയൽരാജ്യങ്ങൾക്കാകും നൽകുക. ബംഗ്ളാ‌ദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വാങ്ങിയിരുന്ന വാക്‌സിനുകൾ നൽകാനാണ് ആലോചന. ഭൂട്ടാനും വാക്‌സിൻ നൽകാൻ മുൻഗണനയുണ്ടാകും.

കഴിഞ്ഞ ജനുവരി 20 മുതലാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് 'വാക്‌സിൻ മൈത്രി' എന്ന പദ്ധതിയിൽ വാക്‌സിൻ സൗജന്യമായും വിൽപനയ്‌ക്കായും നൽകിത്തുടങ്ങിയത്. എന്നാൽ ഏപ്രിൽ മാസത്തിൽ ഇത് നിർത്തി. അതിനുള‌ളിൽ 66 മില്യൺ ഡോസ് വാക്‌സിനുകളാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. ഇന്ത്യ പിന്മാറിയതോടെ ഇവിടേക്ക് ചൈനയും റഷ്യയും അവരുടെ വാക്‌സിനുകൾ കയറ്റിയയക്കാൻ തുടങ്ങി.

ആരംഭത്തിലുണ്ടായിരുന്ന പ്രതിസന്ധികളെ മറികടന്ന് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ഇപ്പോൾ കുതിച്ചുതുടങ്ങി. തിങ്കളാഴ്‌ച മാത്രം രാജ്യത്ത് 89 ലക്ഷം ജനങ്ങൾക്ക് വാക്‌സിൻ നൽകി. ഇത് മറ്റൊരു രാജ്യങ്ങൾക്കും സാദ്ധ്യമാകാത്ത കാര്യമാണ്. ഇതിലെ ആത്മവിശ്വാസമാണ് ഇന്ത്യയ്‌ക്ക് വാക്‌സിൻ മൈത്രി പുനരാരംഭിക്കാൻ ശക്തി പകരുന്നത്. ഈ സ്ഥിതിയിൽ വാക്‌സിനേഷൻ തുടരാനായാൽ ഓഗസ്‌റ്റ് മാസത്തോടെ പുറംനാടുകളിലേക്ക് വേണ്ട വാക്‌സിൻ ഡോസുകൾ അയക്കാനാകും. വാക്‌സിൻ ഉൽപാദക രാജ്യമെന്ന നിലയിൽ അയൽരാജ്യങ്ങൾക്കാണ് ഇന്ത്യ പെട്ടെന്ന് തന്നെ വാക്സിൻ എത്തിക്കേണ്ടത്. മറ്റു രാജ്യങ്ങളിൽ അമേരിക്ക ഉൾപ്പടെ വാക്‌സിൻ വിതരണം നടത്തുന്നുണ്ട്.

എന്നാൽ ആഭ്യന്തര വാക്‌സിനേഷൻ ശക്തമായി നടന്നാലേ കയറ്റുമതി സാദ്ധ്യമാകൂ. ഇന്ത്യ വാക്‌സിൻ വിതരണം നിർത്തിയ ശേഷം അയൽരാജ്യങ്ങൾ ഇന്ത്യയിൽ നിന്നും വാക്‌സിനെത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ചൈന ഇതുവരെ നേപ്പാളിന് എട്ട് ലക്ഷം ഡോസ് ‌വാക്‌സിൻ വിതരണം ചെയ്‌തു. ബംഗ്ളാദേശിനും അവർ അഞ്ച് ലക്ഷം ഡോസ് സിനോഫോം വിതരണം ചെയ്‌തു. നി‌ർമ്മാണ അസംസ്‌കൃത വസ്‌തുക്കൾ കൃത്യമായി ലഭിച്ചാൽ ഇന്ത്യയ്‌ക്ക് പദ്ധതി മികച്ച രീതിയിൽ കൊണ്ടുപോകാനാകും.