അടുത്തറിയുമ്പോൾ അവർണനായ അഗാധനീലിമ! കൃഷ്ണൻ! കരയാതെ പിറന്ന കുഞ്ഞ്… ഓരോ ഭക്തന്റെയും അടിമയായ നിതാന്ത കാരുണ്യവസന പ്രവാഹം! ആ മാറിലെ വാടാത്ത വനമാലയായി മാറിക്കഴിഞ്ഞു എസ്.രമേശൻ നായർ. തമിഴും മലയാളവും സംസ്‌കൃതവും ഒരുപോലെ വഴങ്ങുന്ന മറ്റേതു കവിയുണ്ട് ! ആ വാക്കുകൾക്ക് ദ്രാവിഡച്ചൂരും സംസ്‌കൃത സുഗന്ധവും പച്ചമലയാളത്തിന്റെ നറുമണവും ഉണ്ടായതിൽ അദ്ഭുതപ്പെടാനെന്തുള്ളൂ! ശ്രീനാരായണ ഗുരുവിന്റെ അരുളത്രയും പൂനിലാവായി ഒഴുക്കിയ കാവ്യനിർഝരി നിലച്ചു. തിരുവള്ളുവരുടെ തിരുക്കുറൾ ഏതു സന്ദർഭത്തിലും വിവേകമുള്ള ഒരു മനുഷ്യൻ എങ്ങനെ പെരുമാറണമെന്നതിന്റെ പ്രത്യക്ഷദർശനം തന്നെ. അതു തമിഴിന്റെ മധുരം ചെറ്റും ചോരാതെ മൊഴിമാറ്റം ചെയ്യാൻ എസ്. രമേശൻ നായർക്കല്ലാതെ മറ്റാർക്കു കഴിയും. 'സൗഖ്യമേ ഒരുമിക്കൽ ദു:ഖകരമേ പിരിയൽ' അറിവുള്ള മനുഷ്യരെപ്പറ്റി തിരുവള്ളുവരുടെ ഈ വാക്യം വിവർത്തനം ചെയ്ത് അതിന്റെ പൊരുളു വിവരിച്ച ആ 'സത്സംഗം' ഇനിയില്ല എന്നതു വേദനാജനകം. എങ്കിലും എന്നും വായിച്ചു പെറുക്കിയെടുക്കേണ്ട അനേകം മണിമുത്തുകൾ വാരിവിതറിയ തിരുക്കുറൾ വിവർത്തനത്തിന്റെ മണിമുറ്റത്തും മയിൽപ്പീലിയും വനമാലയും കൊണ്ടു സമ്പന്നമായ ഗാനങ്ങളുടെയും കാവ്യങ്ങളുടെയും യമുനയിലും അദ്ദേഹത്തെ എപ്പോഴും കണ്ടുമുട്ടാമല്ലോ. അദ്ദേഹവുമായി നേരിട്ടു സംവദിക്കാൻ കഴിഞ്ഞ ഓരോ അവസരവും എത്ര ധന്യം. ബാലസാഹിത്യ കൃതികളുടെ കർത്താവു കൂടിയായ അദ്ദേഹം കുഞ്ഞുണ്ണി പുരസ്‌കാരത്തിനായി എന്നെ തിരഞ്ഞെടുത്ത വിവരം വിളിച്ചറിയിച്ച് എത്ര മനോഹരമായൊരു ചടങ്ങാണ് എറണാകുളത്ത് ഒരു ക്കിയിരുന്നത്. അതിസമ്പന്നമായ സദസ്. ലീലാവതി ടീച്ചറിന്റെ സാന്നിദ്ധ്യം… മറക്കാനാവാത്ത അനുഭവമാക്കി ആ ചടങ്ങിനെ മാറ്റിയത് അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യവും സംഘടനാ പാടവവും തന്നെ. 'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ' എന്ന ഗാനം കേട്ടപ്പോൾ താനനുഭവിച്ച ആനന്ദം ശ്രീകൃഷ്ണനെ പുണർന്ന ഗോപികമാർ പോലും അനുഭവിച്ചു കാണില്ല എന്നാണ് അനുരാഗ ഗാനങ്ങളുടെ തമ്പുരാനായ ശ്രീകുമാരൻ തമ്പി, എസ്.രമേശൻ നായരെക്കുറിച്ചു പറഞ്ഞത്. 'ജീവിതഭാഷാ കാവ്യത്തിൽപ്പിഴയുമായ് പൂന്താനം പോലെ ഞാനിരിക്കുന്നു' എന്നു കേട്ടപ്പോൾ ഈ കവി പൂന്താനത്തിന്റെ പുനർജന്മം തന്നെയെന്നു മനസു പറയുന്നെന്നും ശ്രീകുമാരൻ തമ്പി കുറിയ്‌ക്കുന്നു. ഒരു കവിയ്ക്ക് സമകാലീനനായ മറ്റൊരു കവിയിൽ നിന്ന് ഇതിൽപ്പരം എന്ത് ആദരവാണു കിട്ടാനുള്ളത് ! യേശുദാസാവട്ടെ അമ്മ എനിക്ക് സംഗീതവും എസ്.രമേശൻ നായർക്കു അക്ഷരവും വരമായി നൽകി എന്നു പറയുന്നു. തന്റെ ഇഷ്ടദേവനായ ശ്രീകൃഷ്ണനെപ്പോലെ എപ്പോഴും പ്രസാദഭാവത്തോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വാടാത്ത വനമാലയായി ആ വാക്കുകൾ എന്നും കൈരളിയുടെ മാറിലുണ്ടാകുമല്ലോ. 'പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ ചെയ്യാമൈ ചെയ്യാമൈ നിന്റു' എന്ന തിരുക്കുറൾ, തമിഴിൽ നിന്നു മലയാളത്തിലെത്തുമ്പോൾ പൊയ്‌വിട്ടു പൊയ്‌വിട്ടു വാഴ്കിൽ… കളവു പറയായ്ക എന്ന വിശിഷ്ടമായ ഗുണത്തെ പിൻപറ്റുമെങ്കിൽ അവൻ പ്രത്യേകിച്ചു വേറൊരു ധർമ്മം ചെയ്യാനില്ല എന്നാണ് വിവർത്തകൻ അർത്ഥം നൽകിയിരിക്കുന്നത്.
സത്യം പറയാൻ ശക്തിയുണ്ടാകണം എന്ന് സ്‌കൂളിലെ പ്രാർത്ഥനാ ഗാനത്തിലുണ്ടായിരുന്നത് ഓർക്കുന്നു. 'സത്യമേവ ജയതേ' എന്ന് അശോകസ്തംഭത്തിൽ ബി.സി മൂന്നാം ശതകത്തിൽ കൊത്തിവയ്ക്കപ്പെട്ടിരുന്നു. അതിലൊരു സ്തംഭം വൈശാലി എന്ന, ബീഹാറിലെ നഗരത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കാണാനിടയായി. ആ സ്തംഭത്തിന്റെ ചെറുമാതൃകകൾ ആ പുരാവസ്തു സൈറ്റിന്റെ പരിസരത്ത് ധാരാളമായി വിൽക്കാൻ വച്ചിരിയ്ക്കുന്നതു കണ്ടു. അശോകസ്തംഭത്തെ നമ്മുടെ ദേശീയപതാകയിലുൾക്കൊള്ളിക്കുകയും 'സത്യമേവ ജയതേ' എന്നത് നമ്മുടെ ദേശീയ ആപ്തവാക്യമായി മാറ്റുകയും ചെയ്തതു കൊണ്ടാവാം ഈ സ്ഥലത്തിനു ഇത്രയധികം പ്രാധാന്യം ലഭിച്ചത്. ബുദ്ധമത പ്രചാരണത്തിനായി അശോകൻ ഉപയോഗിച്ച സ്തംഭങ്ങൾ ശിലകളായതിനാൽ നൂറ്റാണ്ടുകൾക്കിപ്പുറവും നിലനിൽക്കുന്നു. എത്ര കടുത്ത കാലാവസ്ഥകളിലൂടെ സഹസ്രാബ്ദങ്ങൾ കടന്നുപോയിട്ടും നിലനിൽക്കുന്ന അശോകസ്തംഭം പോലെ സത്യത്തിനും നിലനില്‌പ്പുണ്ടാവുമെന്നു നമുക്കു വിശ്വസിക്കാമോ... ലോകത്തിലെ തന്നെ ആദ്യത്തെ ജനപദമായി വൈശാലിയെ കണക്കാക്കുന്നു. ഒരു നഗരത്തിന്റെ പുരാതന അവശിഷ്ടങ്ങൾ അങ്ങിങ്ങായി കാണാം. 'പാർലമെന്റ് ' കൂടിയിരുന്ന സ്ഥലവും മറ്റും പ്രത്യേകമായി സംരക്ഷിച്ചിരിക്കുന്നു. ചിട്ടയായി ഒരുക്കിയിരിക്കുന്ന മ്യൂസിയവും അക്കാലത്തെ മൗര്യസാമ്രാജ്യത്തിന്റെയും മറ്റും ചരിത്രം പറയുന്നു. ഭഗവാൻ മഹാവീരന്റെ ജന്മസ്ഥാനമായി കരുതപ്പെടുന്ന വൈശാലിയിൽ ജൈനക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ എന്റെ മനസിലുയർന്ന ചോദ്യം സത്യമേവ ജയതേ എന്ന ആപ്തവാക്യം ദേശീയ ചിഹ്നത്തിൽ മാത്രമല്ല ജനമനസുകളിൽ കൂടി പതിഞ്ഞ് അതു ജീവിതരീതിയായി മാറുന്ന കാലം ജനാധിപത്യ ഭാരതത്തിലുണ്ടാകുമോ... ഒരു പൂവിനെപ്പോലും നുളളിനോവിക്കാത്ത വർദ്ധമാന മഹാവീരന്റെ പാരമ്പര്യം ഭാരതത്തിനാണെന്നിരിക്കെ ജീവകാരുണ്യത്തിന്റെ പരിസ്ഥിതി പാരമ്പര്യം നാം വീണ്ടെടുക്കുമോ?