vaccines

ബർലിൻ: കൊവിഡ് പ്രതിരോധത്തിന് രണ്ട് തരം വാക്സിനുകൾ സ്വീകരിക്കുന്നത് നമ്മുടെ നാട്ടിൽ അനുവദിച്ചിട്ടില്ല. രണ്ട് തരം വാക്‌സിനുകൾ ശരീരത്തിന് നല്ലതാണോയെന്ന് ഇവിടെ പഠനത്തിൽ തെളിയാത്തത് തന്നെ കാരണം. എന്നാൽ ചില രാജ്യങ്ങളിൽ അത്തരം വാക്‌സിൻ രീതി നടപ്പായിട്ടുണ്ട്. ഒരേ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാർശ്വഫലങ്ങളേ ഇത്തരത്തിൽ വാക്‌സിൻ സ്വീകരിക്കുമ്പോഴുണ്ടാകുന്നുള‌ളു എന്ന് ബ്രിട്ടണിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തി.

ആദ്യ ഡോസ് ആസ്‌ട്ര സെനെക്ക കൊവിഡ് വാക്‌സിൻ സ്വീകരിച്ച ജർമ്മൻ ചാൻസിലർ അഞ്ജെല മർക്കെൽ രണ്ടാമത് ഡോസായി സ്വീകരിച്ചത് മൊഡേണ വാക്‌സിനാണ്. ഏപ്രിൽ മാസത്തിലാണ് അഞ്‌ജെല ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിലുള‌ളവർക്ക് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ട് രണ്ടാഴ്‌ചയായപ്പോഴാണ് 66 കാരിയായ അഞ്‌ജല വാക്‌സിൻ സ്വീകരിച്ചത്.

ആദ്യഘട്ടത്തിൽ ആസ്‌ട്ര സെനെക്ക വാക്‌സിൻ സ്വീകരിച്ച ഒരു ചെറുവിഭാഗം ജനങ്ങൾക്ക് യൂറോപ്പിൽ രക്തം കട്ടപിടിക്കുന്ന പ്രശ്‌നമുണ്ടായി. ഇതിനെ തുടർന്ന് പ്രായമേറിയവരിൽ ആസ്‌ട്ര സെനെക്ക വാക്‌സിൻ ഉപയോഗം പല രാജ്യങ്ങളും വിലക്കി. ഒപ്പം ജർമ്മനിയും. തുടർന്നാണ് മറ്റ് വാക്‌സിനുകൾ രണ്ടാംഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. നിലവിൽ ജർമ്മനിയിൽ 51.2 ശതമാനം ജനങ്ങൾക്കും വാക്‌സിൻ നൽകിക്കഴിഞ്ഞു.

ആദ്യഘട്ടത്തിൽ ഫൈസർ വാക്‌സിനെടുത്ത ശേഷം ആസ്‌ട്ര സെനെക്ക വാക്‌സിൻ സ്വീകരിച്ചാലോ നേരെ തിരികെയായാലോ വാക്‌സിൻ പാർശ്വഫലങ്ങൾ കുറഞ്ഞിരിക്കുന്നതായി ബ്രിട്ടണിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. വാക്‌സിൻ നിർമ്മാണ കമ്പനിയായ നൊവാവാക്‌സ് തങ്ങളുടെ വാക്‌സിന് പിന്നാലെ മറ്റ് കമ്പനികളുടെ വാക്‌സിൻ ബൂസ്‌റ്റർ ഡോസായി നൽകുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണം ഈ മാസം ആരംഭിക്കും.

അതേസമയം വാക്‌സിൻ ലഭ്യതക്കുറവിനെ തുടർന്ന് കാനഡ ഫൈസർ,​മൊഡേണ വാക്‌സിനുകൾ മാറി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളുടെ ഫലം എന്താണെന്ന് വരും ദിവസങ്ങളിൽ നിന്ന് കൃത്യമായി മനസിലാക്കാനാകുമെന്ന് ഡോക്ടർമാരും വിദഗ്ദ്ധരും പ്രത്യാശിക്കുന്നു.