covid-19

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ലസ് ആശങ്ക കൂട്ടുന്നു.അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ഈ വകദേഭം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മഹാരാഷ്‌ട്രയിൽ മാത്രം 21 കേസുകൾ കണ്ടെത്തി. കർണാടകയിലും, കേരളത്തിലും രണ്ട് വീതവും, മദ്ധ്യപ്രദേശിൽ അഞ്ച് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളോട് ഉടനടി നിയന്ത്രണ നടപടികൾ സ്വീകരിക്കാനും, പരിശോധനയും വാക്‌സിനേഷനുമൊക്കെ വർദ്ധിപ്പിക്കാനുമൊക്കെ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡെൽറ്റ പ്ലസ് വകഭേദത്തിനെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ് ഐസിഎംആറിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളൊക്കെ നടക്കുകയാണ്. നിലവിലുള്ള കൊവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കുമോ എന്നാണ് പ്രധാനമായും ആരോഗ്യ വിദഗ്ദ്ധർ പരിശോധിക്കുന്നത്.

കൊവിഷീൽഡും കൊവാക്സിനും ഡെൽറ്റാ പ്ളസ് വകഭേദത്തെ പ്രതിരോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്. കൊവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഡെൽറ്റ വകഭേദത്തിന് ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. എന്നാൽ മറുവശത്ത് ചില ആരോഗ്യ വിദഗ്ദ്ധരും വൈറോളജിസ്റ്റുകളും ഡെൽറ്റ പ്ലസ് വകഭേദത്തിന് ഈ വാക്‌സിനുകൾ ഫലപ്രദമായേക്കില്ലെന്ന ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്.