വുഹാൻ: കൊവിഡ് ലോകമാകെ പൊട്ടിപ്പുറപ്പെടാൻ കാരണമായെന്ന് അമേരിക്ക ഉൾപ്പടെ വിവിധ ലോകരാജ്യങ്ങൾ സംശയിക്കുന്ന വുഹാൻ ലാബിനെ കൈവിടാതെ കൂടുതൽ ചേർത്ത് പിടിച്ച് ചൈനീസ് സർക്കാർ. രാജ്യത്തെ പരമോന്നത സയൻസ് പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് വുഹാൻ ലാബിനാണ്.
ലാബിന്റെ മേധാവിയും ചൈനയിലെ ബാറ്റ് വുമൺ എന്നറിയപ്പെടുന്നതുമായ ഷി സെൻഗ്ളിയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരാമർശവും ചൈനീസ് സർക്കാർ നൽകി ആദരിച്ചു. കൊവിഡ് രോഗ നിർണയത്തിൽ സമഗ്രവും ആസൂത്രിതവുമായ ഗവേഷണം നടത്തിയതിനാണ് വുഹാൻ ലാബിന് അവാർഡ് നൽകുന്നതെന്ന് ചൈനീസ് അക്കാഡമി ഓഫ് സയൻസസ് അറിയിച്ചു.
വുഹാൻ ലാബിന്റെ ഈ പ്രവർത്തനം രോഗത്തിന്റെ ഉൽഭവത്തെ കുറിച്ചും രോഗപഠനത്തെ കുറിച്ചും കൊവിഡ് രോഗകാരിയുടെ രോഗവ്യാപനരീതിയെക്കുറിച്ചും പഠനങ്ങൾക്ക് അടിത്തറയിട്ടു. കൊവിഡ് വാക്‌സിനേഷന്റെ വികാസത്തിനും ലാബിലെ പഠനഫലങ്ങൾ സഹായിച്ചു.
എന്നാൽ പ്രത്യേക പരാമർശം ലഭിച്ച സെൻഗ്‌ളിയുടെ കൈവശം നിന്നാണ് കൊവിഡ് രോഗാണു വ്യാപിച്ചതെന്നാണ് ലോകത്തെ നിരവധി ശാസ്‌ത്ര ഗവേഷകർ കരുതുന്നത്. എന്നാൽ ഇതിന് തെളിവില്ലെന്നാണ് സെൻഗ്ളിയുടെ വാദം.