യാത്രകളെ പ്രണയിക്കുന്നവരുടെ പ്രിയ ഇടമാണ് മസിനഗുഡി. വേറിട്ട കാഴ്‌ചകളും കാലാവസ്ഥയും ഒക്കെയായി ഉള്ളം കുളിർപ്പിക്കുന്ന അനുഭൂതിയാണ് മസിനഗുഡി സമ്മാനിക്കുന്നത്. ഊട്ടിയിലേക്കുള്ള യാത്രയിൽ പലരും തേടിയെത്തുന്നയിടമാണ് മസിനഗുഡി. കാടിന്റെ വന്യതയും മനോഹാരതിയും ഏതൊരു സഞ്ചാരിയെയും ഒരുപാലെ ആകർഷിക്കും. സാഹസികത ഇഷ്‌ടപ്പെടുന്നവർ ഒരിക്കലും മസിനഗുഡിയെ മിസ് ചെയ്യരുത്. മാനും മയിലും കാട്ടാനയുമൊക്കെയുള്ള ഘോരവനം. അതുകൊണ്ട് തന്നെയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫാർമാരുടെ പ്രിയപ്പെട്ടയിടമാകുന്നതും.
എങ്കിലും ശാന്തയെ പൂർണമായും മസിനഗുഡി കൈവിടുന്നില്ല. മസിനഗുഡിയിലെ കാഴ്‌ചകളിൽ പ്രധാനം കല്ലട്ടി ചുരമാണ്. 36 ഹെയർപിൻ വളവുകൾ പിന്നിട്ട് വേണം കല്ലട്ടി ചുരത്തിലെത്താൻ. മലഞ്ചെരിവിന്റെയും കൃഷിയിടങ്ങളുടെയും വെള്ളച്ചാട്ടത്തിന്റെയുമെല്ലാം കാഴ്‌ച അതിമനോഹരമാണ്. നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് മുതുമല ദേശീയോദ്യാനം. മസിനഗുഡി, നെല്ലക്കോട്ട, കാർഗുഡി, മുതുമല, തെപ്പക്കാട് എന്നിങ്ങനെ അഞ്ചു വനമേഖലകളാണ് ഈ സങ്കേതത്തിൽ ഉൾപ്പെടുന്നത്. മുതുമല വഴി കുറച്ചു ദൂരം ചെന്നാൽ തെപ്പക്കാടെത്തും. അവിടെ ആനക്യാംപ് കാണാനെത്തുന്നവരും നിരവധിയാണ്. അവിടെ നിന്നും നേരേ പോയാൽ മൈസൂരാണ്. വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡിയിലുമെത്തും.