vismaya

​​കൊല്ലം: വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐ ജി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷിത.

വിസ്‌മയയുടെ വീട്ടിലെത്തി കിരണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്‍റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐ ജി വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസെത്തി ശക്തമായ നടപടിയെടുത്തു. കുട്ടിയുടെ ജീവിതം തകര്‍ക്കേണ്ടെന്ന് കരുതിയാണ് അവര്‍ കേസില്‍ നിന്നും പിന്മാറിയതെന്നും ഐ ജി പറഞ്ഞു.

വിസ്‌മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐ ജി പറഞ്ഞു.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം തടവ് മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐ ജി കൂട്ടിച്ചേർത്തു.