vaughan

ലണ്ടൻ: ആസ്ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയിൽ പങ്കെടുക്കണമെങ്കിൽ കുറഞ്ഞത് നാലു മാസം എങ്കിലും സ്വന്തം കുടുംബവുമായി അകന്നു നിൽക്കേണ്ടി വരും എന്ന വാർത്തകൾ വന്നതോടെ ഇംഗ്ളണ്ട് ക്രിക്കറ്റ് താരങ്ങളുടെ ഇടയിൽ പ്രതിഷേധം ഉയരുകയാണ്. സെപ്തംബറിൽ ആരംഭിക്കുന്ന ടി 20 ലോകക്കപ്പ് മത്സരങ്ങൾക്കു ശേഷം ആഷസ് പരമ്പര നടക്കുന്നതിനാൽ ലോകക്കപ്പിനു ശേഷം ആസ്ട്രേലിയയിലേക്ക് നേരിട്ടു പോകേണ്ടതായി വരും.

വളരെ കർശനമായ കൊവിഡ് നിയമങ്ങൾ ഉള്ള ആസ്ട്രേലിയയിൽ വിദേശ താരങ്ങൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരാനുളള അനുമതി ഇല്ല. കഴിഞ്ഞ തവണ ഇന്ത്യ ആസ്ട്രേലിയൻ പര്യടനം നടത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അങ്ങനെ ആണെങ്കിൽ ഏതാണ്ട് അഞ്ച് മാസത്തിൽ കൂടുതൽ ഇംഗ്ളണ്ട് താരങ്ങൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാണാതെ കഴിയേണ്ട അവസ്ഥ വരും. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

ഇപ്പോൾ ഇംഗ്ളണ്ട് താരങ്ങൾക്ക് പിന്തുണയുമായി മുൻ താരങ്ങളായ മൈക്കൽ വോണും കെവിൻ പീറ്റേഴ്സണും എത്തിയിരിക്കുകയാണ്. ക്രിക്കറ്റർമാർക്ക് സ്വന്തം കുടുംബാംഗങ്ങളെ കൂടെകൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ആഷസ് പരമ്പര തന്നെ ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്നാണ് മുൻ ക്യാപ്ടൻ കൂടിയായ മൈക്കൽ വോൺ പറഞ്ഞത്. നാലു മാസത്തിലേറെ സ്വന്തം കുടുംബാംഗങ്ങളെ ഇത്തരമൊരു സാഹചര്യത്തിൽ കാണാതെ ഇരിക്കുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഏതെങ്കിലും ക്രിക്കറ്റർ ഈ കാരണത്താൽ പരമ്പരയിൽ നിന്നും പിന്മാറിയാൽ തന്നെ കുറ്റം പറയാൻ സാധിക്കില്ലെന്നും പീറ്റേഴ്സൺ പറഞ്ഞു.

ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയമങ്ങളിൽ കുറച്ച് ഇളവ് ലഭിക്കുന്നതിനായി ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ടെങ്കിലും സർക്കാ‌ർ വഴങ്ങാൻ സാദ്ധ്യത കുറവാണ്.

Read reports today that England cricketers may not be able to have family members with them down under this winter .. Quite simply if they can’t they should call the Ashes off .. 4 months away from your family is totally unacceptable .. #Ashes

— Michael Vaughan (@MichaelVaughan) June 22, 2021

Any ENG player that pulls out of this Ashes, if they seriously can’t see their families for FOUR MONTHS, has my full backing.
Families are the most important part of a players make up. And even more so in the current climate!
FOUR MONTHS with no family on Ashes Tour? 🖕🏻 pic.twitter.com/boR9rwuzGh

— Kevin Pietersen🦏 (@KP24) June 22, 2021