archana

തിരുവനന്തപുരം: യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത അർച്ചനയുടെ ഭർത്താവ് സുരേഷിനെ രാത്രി വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

വിഴിഞ്ഞം തിരുവനന്തപുരം റോഡിൽ മൃതദേഹവും വച്ചുകൊണ്ടാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം. തുടര്‍ന്ന് കോവളം എം എൽ എ എം വിൻസന്‍റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു.

ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന പൊലീസ് ഉറപ്പിലാണ് ഉപരോധം പിൻവലിച്ചത് . വീഴ്‌ച പരിഹരിക്കുമെന്നും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും തിരുവനന്തപുരം തഹസിൽദാർ ഉറപ്പ് നൽകി

വീട്ടിൽ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് എത്തിച്ച ശേഷമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.