ee


കടുംനിറം ത്രിസന്ധ്യയിൽ
കലർന്നിരുൾ പരക്കവേ
കനത്തുപൊന്തുമോർമ്മകൾ
കുറിച്ചിടും സമസ്യകൾ.
കനലെരിയും കണ്ണുകൾ
കടപുഴക്കിയെറിയവേ
കടങ്കഥതൻ താഴ്വാരം
കവിതകൾ വിരിയിക്കും.
കരിഞ്ഞുണങ്ങും സ്വപ്നങ്ങൾ
കടലോളം ദൈന്യമായ്
കരളിന്റടിത്തട്ടുകൾ
കിടപ്പാടങ്ങളാക്കുന്നു.
കാരിരുമ്പു ശക്തിയായ്
കുതിച്ചുപാഞ്ഞടർത്തിടും
കഴിഞ്ഞകാലനോവുകൾ
കുരച്ചുചാടി വന്നിടും.
കരിപുരണ്ടനെഞ്ചിലെ
കറുംപുകച്ചുരുളുകൾ
കടന്നുപോയ പാതകൾ
കണക്കിരുണ്ടു നിന്നിടും.
കുതിപ്പുകണ്ടതോർക്കനാം
കരഞ്ഞുവീണചിന്തകൾ
കലങ്ങിമാഞ്ഞുപോകാതെ
കുരുത്തുപൊങ്ങിവന്നതാം.