kangana

ന്യൂഡൽഹി: ഇന്ത്യ എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പേരാണെന്നും പുരോഗതി ഉണ്ടാകണമെങ്കിൽ എത്രയും വേഗം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റണമെന്നും ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ട് അഭിപ്രായപ്പെട്ടു. വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളിൽ നിന്നുമാണ് കങ്കണ ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്.

പുരാതനമായ ആത്മീയതയും ജ്ഞാനവുമാണ് ഭാരത സംസ്കാരത്തിന്റെ അടിത്തറ. അവയ്ക്ക് ഊന്നൽ നൽകികൊണ്ടുളള പ്രവർത്തനങ്ങളെ പുരോഗതിയിലേക്ക് നമ്മെ നയിക്കൂ. പാശ്ചാത്യ സംസ്കാരങ്ങളെ അതു പോലെ പകർത്താതെ നമ്മുടെ തനത് സംസ്കാരത്തിലൂന്നി നാഗരിക വികസനത്തിലൂടെ മാത്രമേ നമുക്ക് പുരോഗതി നേടാൻ സാധിക്കൂവെന്ന് കങ്കണ അഭിപ്രായപ്പെട്ടു. വേദങ്ങള്‍, ഗീത, യോഗ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനർനാമകരണം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു.

"ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ അടിമപ്പേരാണ് ഇന്ത്യ. എന്തു തരത്തിലുള്ള പേരാണിത്? ഒരു കുഞ്ഞിനെ നിങ്ങള്‍ ചേര്‍ച്ചയില്ലാത്ത പേരുകള്‍ വിളിച്ച് അപമാനിക്കാറുണ്ടോ? ഭാവം, രാഗം, താളം എന്നീ മൂന്ന് സംസ്‌കൃത വാക്കുകളുടെ സംയോജനമാണ് ഭാരതം എന്ന പേര്. എല്ലാ പേരുകൾക്കും ഒരു സ്പന്ദനമുണ്ടെന്ന് അറിഞ്ഞിരുന്നിട്ടും പ്രദേശങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും സുപ്രധാന സൗധങ്ങള്‍ക്കും

ബ്രിട്ടീഷുകാര്‍ പുതിയ പേര് നല്‍കി. നമ്മുടെ നഷ്ടമായ പ്രതാപം നമുക്ക് വീണ്ടെടുക്കണം. അത് ഭാരതം എന്ന പേരില്‍ നിന്ന് ആരംഭിക്കാം," കങ്കണ പറഞ്ഞു.