crime

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദളിത് യുവാവിനെയും മുസ്ലീം യുവതിയെയുമാണ് കൊലപ്പെടുത്തിയത്. വിജയ്‌പുര ജില്ലയിലെ സാലദഹള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

സാലദഹള്ളി സ്വദേശി ബസവരാജ് മടിവാളപ്പ (22), ദാവല്‍ബി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാടിന് സമീപം യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്.

ഇരുവരെയും കയറുകൊണ്ട് കെട്ടിയിട്ട് തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബസവരാജ് ഓട്ടോറിക്ഷ ഡ്രൈവറാണ്. യുവതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.