കൊച്ചി: കൊടകര കുഴൽപ്പണകേസിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. കളളപ്പണത്തിൻ്റെ ഉറവിടം ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി പറയുകയായിരുന്നു ഇ ഡി. വിശദമായ സത്യവാങ്മൂലം എഴുതി സമർപ്പിക്കാൻ ഇ ഡിക്ക് ഹൈക്കോടതി രണ്ടാഴ്‌ച സമയം നൽകി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ഇ ഡിക്ക് നിലപാട് അറിയിക്കാൻ പത്ത് ദിവസത്തെ സാവകാശം നൽകിയിരുന്നു. കേരള പൊലീസിന്‍റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇ ഡിയെ ഏൽപ്പിക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ കോഴിക്കോട് സ്വദേശി ധർമ്മരാജൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പണത്തിന്‍റെ രേഖകൾ ഹാജരാക്കാനും കോടതി ധർമ്മരാജനോട് ആവശ്യപ്പെട്ടു.
പണമെത്തിയത് ബി ജെ പി നേതാക്കളുടെ അറിവോടെയാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണം കടത്തിയ ധർമ്മരാജന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ളതാണ് പൊലീസിന്‍റെ റിപ്പോർട്ട്.