crude-oil

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വ‌ർദ്ധിച്ചതോടെ ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ധനവില കുതിക്കുകയാണ്. പെട്രോളിന് പലയിടത്തും 100ന് മുകളിലായി വില. ഡീസലിന് 95ഉം. വിലക്കയറ്റത്തിന് കാരണങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുകയാണ്കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയായ ധർമ്മേന്ദ്ര പ്രധാൻ.

'ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയ‌ർന്നിരിക്കുകയാണ്. രാജ്യത്തെ ഇന്ധനവില വ‌ർദ്ധനയ്‌ക്ക് പ്രധാനമായ കാരണം നമ്മൾ ആവശ്യമുള‌ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നു എന്നതാണ്.' കേന്ദ്രമന്ത്രി പറഞ്ഞു. ആഗോളവിപണിയെ ആശ്രയിക്കുന്നത് ഇന്ത്യൻ മദ്ധ്യവർഗ സമ്പദ്ഘടനയെ വല്ലാതെ ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്ത് മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. മദ്ധ്യേഷ്യയിൽ നിന്നാണ് ഇന്ത്യ കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ നടപടികൾ ആലോചിക്കുകയാണ്. ഗൾഫിലെ എണ്ണ ഉൽപാദക രാജ്യങ്ങൾ ഡിമാൻഡ് വർദ്ധിപ്പിച്ചതാണ് ഇതിന് കാരണം.

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘമായ ഒപെകിൽ കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയുടെ ആശ്രിതത്വം കുറഞ്ഞുവരികയാണ്. പ്രതിദിനം 3.97 മില്യൺ ബാരൽ ക്രൂഡോയിൽ ആണ് ഇറക്കുമതി ചെയ്യുന്നത്. 2020 നെ അപേക്ഷിച്ച് 11.8 ശതമാനം കുറവ്. മുൻപ് ഇത് 2.96 മില്യൺ ബാരൽ വരെയാക്കി ഇന്ത്യ കുറച്ചിരുന്നു. 80 ശതമാനത്തിൽ നിന്നും അതോടെ 72 ശതമാനമായി ഇറക്കുമതി കുറഞ്ഞു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമാണ് ബാക്കി എണ്ണ ഇന്ത്യ വാങ്ങിയത്.