നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി തള്ളി
മുംബയ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,170.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിൽ 9,371 കോടി രൂപ ഇ.ഡി തട്ടിപ്പിനിരയായ ബാങ്കുകൾക്ക് കൈമാറി. ബാങ്കുകളിൽ നിന്ന് ഇവർ തട്ടിയതിന്റെ 40 ശതമാനമാണിത്. മൊത്തം 22,586 കോടി രൂപയാണ് മൂവരും ചേർന്ന് തട്ടിയത്. ഇതിന്റെ 80.45 ശതമാനം (18,170.02 കോടി രൂപ) ഇതുവരെ കണ്ടുകെട്ടി.
കണ്ടുകെട്ടിയതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്. വിദേശത്തുള്ള മൂവരെയും തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബ്രിട്ടനിലെ ജയിലിലാണ് നീരവ് മോദി. ഇയാളുടെ ജാമ്യാപേക്ഷ ഇന്നലെ തള്ളി. വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. മെഹുൽ ചോക്സി ഡൊമിനിക്ക ജയിലിലും. മുതലും പലിശയുമായി ഇന്ത്യയിലെ ഏഴ് പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണ് മല്യ നൽകാനുള്ളത്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ ജയിലിലുള്ള വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ചോക്സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്.
മല്യയുടെ 70% സ്വത്ത്
ബാങ്കുകൾ വിറ്റു
ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് 900 കോടി രൂപയും എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 9,000 കോടി രൂപയും വായ്‌പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് മല്യ വിദേശത്തേക്ക് മുങ്ങിയത്. മല്യയുടെ 5,825 കോടി രൂപയുടെ സ്വത്തുക്കൾ (തട്ടിപ്പിന്റെ 70 ശതമാനം) വിറ്റഴിച്ച് ബാങ്കുകൾ നഷ്‌ടം നികത്തി.
മോദിയും മല്യയും
ഇന്ത്യയിലേക്ക്
ലണ്ടനിലുള്ള വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. നീരവിനെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെ നീരവ് മോദി ഇന്നലെ സമർപ്പിച്ച ഹർജി ബ്രിട്ടീഷ് ഹൈക്കോടതി പരിഗണിക്കാതെ തള്ളി.