ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽവെച്ച് പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയ യുവാവ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്പോസ്റ്റിൽവെച്ചാണ് സംഭവം. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എസ്.എസ്.ഐയായ പെരിയസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടർന്ന് സേലത്ത് മദ്യക്കടകൾ അടഞ്ഞു കിടക്കുകയായിരുന്നു..അതിനാൽ സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെ മുരുകേശനെ പൊലീസ് തടഞ്ഞു. തുടർന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡിൽ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരൻ തല്ലിച്ചതച്ചു. അതേസമയം, മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.
സംഭവം വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ തൂത്തുക്കുടിയിൽ ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്സിനേയും പൊലീസ് മർദിച്ച് കൊലപ്പെടുത്തിയതും വിവാദമായിരുന്നു.