ജിദ്ദ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലായ് ആറ് വരെ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി ഇന്നലെ മുതൽ പിൻവലിച്ചിരുന്നു. ഇതോടെ വിമാനസർവീസ് പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടിയായി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇന്നലെ മുതൽ യു.എ.ഇയിലേക്ക് വരാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് സർവീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു. ചില വിമാനക്കമ്പനികൾ ബുക്കിംഗ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം നിറുത്തിവച്ചു.