കൊച്ചി: ടാറ്റാ കെമിക്കൽസിന്റെ ഫുഡ്‌സ് ബിസിനസും ടാറ്റാ ഗ്ളോബൽ ബീവറേജസും ടാറ്റാ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിൽ (ടി.സി.പി.എൽ) ലയിച്ചതിന് അനുബന്ധമായി മിക്ക വിതരണക്കാരും അഗീകരിച്ച വ്യവസ്ഥകൾ അട്ടിമറിക്കാനും തെറ്റായ ചിത്രം സൃഷ്‌ടിക്കാനും ഒരു ചെറിയ സംഘം വിതരണക്കാർ ശ്രമിക്കുകയാണ് ടി.സി.പി.എൽ പ്രസ്‌താവനയിൽ വ്യക്തമാക്കി. ലയനത്തിന്റെ ഭാഗമായി വിതരണശൃംഖലയിൽ കേരളത്തിൽ ഉൾപ്പെടെ മാറ്റം വരുത്തുകയാണ്. കേരളത്തിലൊഴികെ നടപടികൾ പൂർത്തിയായി. മിക്ക എഫ്.എം.സി.ജി കമ്പനികളും പ്രവർത്തിക്കുന്ന രീതിയിലാണ് മാറ്റങ്ങൾ. വിതരണക്കാരുമായി സീനിയർ മാനേജർമാർ നടത്തിയ ചർച്ചയിൽ വിപുലമായ വ്യാപാര സാദ്ധ്യതകൾ, ഡിജിറ്റൈസേഷൻ, ക്ളെയിമുകൾ വേഗം തീർപ്പാക്കൽ, ഇൻസെന്റീവ് തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ മിക്ക വിതരണക്കാരും സ്വാഗതം ചെയ്‌തിരുന്നെന്നും ടി.സി.പി.എൽ വ്യക്തമാക്കി. ടി.സി.പി.എല്ലിനെതിരെ സൂചനാ പണിമുടക്ക് നടത്താൻ ഓൾ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു കമ്പനി.