kpcc

തിരുവനന്തപുരം: കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ സമ്പൂർണ ഉടച്ചുവാർക്കൽ നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഭാരവാഹികളടക്കം 51 പേർ മാത്രം ഉൾപ്പെടുന്ന കമ്മിറ്റിക്കായിരിക്കും രൂപം നൽകുക. പൊതുജനങ്ങളിലേക്ക് പാർട്ടിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾക്ക് രൂപം നൽകുമെന്നും ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

വനിതകൾക്കും എസ് സി, എസ് ടി വിഭാഗത്തിനും സംവരണം ഏർപ്പെടുത്താൻ ഇന്നുചേർന്ന യോഗത്തിൽ തീരുമാനമായതായി കെ സുധാകരൻ അറിയിച്ചു. നിയസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ അഞ്ച് മേഖല കമ്മിറ്റികൾ രൂപീകരിക്കും. പാർട്ടിയിൽ നിലനിൽക്കുന്ന അച്ചടക്കരാഹിത്യം എന്തുവിലകൊടുത്തും നിറുത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥന തലങ്ങളിൽ അച്ചടക്ക സമിതിയുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയൽകൂട്ടം കമ്മിറ്റികൾ വരും. 30–50 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവിൽ വരിക. രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കെപിസിസി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കും. കെപിസിസിക്ക് സമാനമായ രീതിയിൽ ഡിസിസികളും പുനഃസംഘടിപ്പിക്കും. കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഭാരവാഹികളുടെ എണ്ണം കുറയുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.