തിരുവനന്തപുരം: ചരിത്രം പകർത്തിയ കാമറ ഷട്ടർ അടച്ചു. ശിവൻ യാത്രയായി. "ഫോട്ടോഗ്രാഫി ഈസ് ആൻ ആർട്ട് ഇൗഫ് ദി ഫോട്ടോഗ്രാഫർ ഈസ് ആൻ ആർട്ടിസ്റ്റ് "- ഈ വിശേഷണം ശിവൻ എന്ന ശിവശങ്കരൻനായർക്ക് നന്നായി ഇണങ്ങിയിരുന്നു. കാമറാ ഒരു കൗതുക വസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാൻ കഴിയുമെന്നും തെളിയിച്ച പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. കേരളത്തിന്റെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ.
ഫോട്ടോഗ്രാഫർ, സംവിധായകൻ, സ്റ്റുഡിയോ ഉടമ, സുഹൃത്ത് , ചിത്രകാരൻ അങ്ങനെ വിപുലമായ അനുഭവസമ്പത്ത് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പ്രകൃതിയാണ് തന്റെ ഗുരു എന്ന് ശിവൻ എപ്പോഴും പറയുമായിരുന്നു. ഗാന്ധിജിയായിരുന്നു മാതൃകാ പുരുഷൻ, ആ ജീവിതത്തിലെ മൂല്യങ്ങളും സന്ദേശങ്ങളും എന്നും സ്വന്തം ജീവിത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. എപ്പോഴും തൂവെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു. ഇ.എം.എസും ,സി.അച്യുതമേനോനും, കെ.കരുണാകരനും , സി.എച്ച് മുഹമ്മദ് കോയയും,നടൻ സത്യനും മുതൽ നെഹ്റുവും ഇന്ദിരാഗാന്ധിയും വരെയുള്ള വിപുലമായ സൗഹൃദങ്ങൾ ശിവന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ വരെ ശിവന്റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1957 ൽ ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം ശിവന്റെ കാമറയിലൂടെയാണ് ലോകം കണ്ടത്.കേരള സർക്കാരിന്റെ പി.ആർ.ഡിക്കു വേണ്ടി ഫോട്ടോകൾ എടുത്തിരുന്ന ശിവൻ കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടിയും ഫോട്ടോകൾ എടുത്തിരുന്നു.തുടർന്നാണ് തിരുവനന്തപുരത്ത് ശിവൻസ്റ്റുഡിയോ ആരംഭിച്ചത്.രാമുകാര്യാട്ടിന്റെ നിർബന്ധപ്രകാരമായിരുന്നു ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായത്. ചെമ്മീൻ എന്ന സിനിമയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ തെളിയുന്നത് ശിവൻ എടുത്ത സ്റ്റിൽ ചിത്രങ്ങളാണ്. മലയാള സിനിമയ്ക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ആളുകളുടെ പട്ടിക എടുക്കുമ്പോൾ ശിവന്റെ പേര് അതിലുണ്ടാകുമെന്ന് എം.ടി.എഴുതിയിട്ടുണ്ട്.
തന്റെ ഏറ്റവും വലിയ സാമ്പാദ്യം മക്കളാണെന്ന് ശിവൻ പറയുമായിരുന്നു. മൂന്ന് ആൺ മക്കളും സംഗീത്ശിവൻ, സന്തോഷ് ശിവൻ , സൻജീവ് ശിവൻ എന്നിവർ സംവിധായകരായി ശ്രദ്ധേയരായി. മകൾ സരിതയുടെ പേരിൽ സരിത ഫിലിംസ് ശിവൻ തുടങ്ങിയിരുന്നു. ശിവൻ കുടുംബം വാരിക്കൂട്ടിയ അവാർഡുകൾക്ക് കൈയ്യും കണക്കുമില്ല.ശിവന്റെ ജീവിതത്തെ ആസ്പദമാക്കി ശിവനയനം എന്ന പേരിൽ പുസ്തകവും ഡോക്യുമെന്ററിയും തയ്യാറായിരുന്നു. അതിന്റെ പ്രകാശനം നടക്കാനിരിക്കെയാണ് മടക്കം.