sruthi

​​​​പാലക്കാട്: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. കാരപ്പാട് സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് മരിച്ചത്. മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് പിതാവ് ശിവൻ ആരോപിച്ചു.

'ഇരുവരും തമ്മിൽ നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. ശ്രുതി ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്. ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്' കുടുംബം ആരോപിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് ശ്രുതിയുടെ പിതാവ് പറഞ്ഞു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മരണമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.ജൂൺ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ ശ്രുതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ശ്രീജിത്ത് തന്നെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രുതി മരണത്തിന് കീഴടങ്ങിയത്.

മംഗലംഡാം ഒലിംകടവ് കുന്നത്ത് വീട്ടിൽ ശിവൻ - മേരി ദമ്പതികളുടെ മകളാണ് ശ്രുതി. 12 വർഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മിൽ വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.