jio-5g

മുംബയ്: ഇന്ന് റിലായൻസിന്റെ നാൽപത്തിനാലാമത് വാർഷിക പൊതുയോഗം നടക്കുകയാണ്.കമ്പനിയുടെ പുതിയ പദ്ധതികളെയും, ഉൽപന്നങ്ങളെയും, ഇളവുകളെയുമെല്ലാം പറ്റി സാധാരണയായി ഈ യോഗത്തിലാണ് പ്രഖ്യാപിക്കാറ്. ഇത്തവണ ഈ പരിപാടിയിൽ ടെലികോം ഭീമനിൽ നിന്ന് പ്രധാനമായും ഒരു പ്രഖ്യാപനത്തിനാണ് ഏവരും കാത്തിരിക്കുന്നത്.

5ജി സേവനങ്ങളെപ്പറ്റിയാണ് ഏവർക്കും അറിയേണ്ടത്. 2021 രണ്ടാം പകുതിയോടെ രാജ്യത്ത് 5 ജി സേവനം ആരംഭിക്കുമെന്നും, അതിനായുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു.

അംബാനിയുടെ നെറ്റ്‌വര്‍ക്ക് അമേരിക്കന്‍ കമ്പനിയായ ക്വാല്‍കമുമായി ചേര്‍ന്ന് 2020 ഓഗസ്റ്റില്‍ തന്നെ 5ജി ട്രയല്‍ ആരംഭിച്ചിരുന്നു. സെക്കന്‍ഡില്‍ 1ജിബി വരെ സ്പീഡ് കൈവരിക്കാനായി എന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ത്യയിൽ 5ജി പരീക്ഷിക്കാൻ ജിയോയ്ക്ക് ഡിഒടിയിൽ (ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്) നിന്ന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ജിയോയുടെ 5ജി ഫോണുകൾ അവതരിപ്പിക്കുക എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനാൽ തന്നെ ഏവരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചടങ്ങിനെ കാണുന്നത്.ചടങ്ങിൽ റിലയൻസ് ജിയോബുക്ക് എന്ന പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.