britney

ലോസ് ഏഞ്ചൽസ്: തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് കോടതിയെ സമീപിച്ചു. വർഷങ്ങളായി ബ്രിട്ട്നിയുടെയും അവരുടെ സ്വത്തുക്കളുടേയും മേലുള്ള നിയന്ത്രണം ഗായികയുടെ അച്ഛൻ ജേമി സ്പിയേഴ്സ് ആണ് കൈകാര്യം ചെയ്യുന്നത്. താൻ അധ്വാനിച്ച് സമ്പാദിച്ച സ്വത്തുക്കൾ ഒന്നും തന്നെ അനുഭവിക്കുവാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്നി കോടതിയിൽ പറഞ്ഞു. "എന്റെ അടുക്കളയിൽ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാൻ പോലും എനിക്ക് അനുവാദമില്ല," ബ്രിട്ട്നി ഓൺലൈൻ ആയി നടത്തിയ വാദം കേൾക്കലിൽ പറഞ്ഞു. കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്നി കോടതിയിൽ സംസാരിക്കുന്നത്. തന്റെ കക്ഷിക്ക് കോടതിയോട് ചിലത് നേരിട്ട് ബോധിപ്പിക്കാനുണ്ടെന്ന് ബ്രിട്ട്നിയുടെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ഗായികയ്ക്ക് സംസാരിക്കുന്നതിന് അവസരം നൽകുകയായിരുന്നു.

13 വർഷം മുമ്പ് ഭർത്താവ് കെവിൻ ഫെ‌ഡെർലൈനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടർന്നാണ് ബ്രിട്ട്നിയുടെ രക്ഷകർത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏൽപിക്കുന്നത്.