covaxin

ബ്രസീലിയ: ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിൽ

നടന്ന അഴിമതിയിൽ അന്വേഷണം നടത്തുന്ന പാർലമെന്റ് പാനലിന് മുന്നിൽ ലോജിസ്‌റ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥൻ ഹാജരാകാൻ നിർദ്ദേശം. വെള‌ളിയാഴ്‌ചയാണ് ഹാജരാകേണ്ടത്. നി‌ർണായകമായ വിവരങ്ങളാണ് ഈ ഉദ്യോഗസ്ഥൻ മുൻപ് പുറത്തുവിട്ടിരുന്നത്.

വകുപ്പിൽ നിന്ന് കൊവാക്‌സിൻ വാങ്ങാൻ നി‌ർബന്ധം ശക്തമായിരുന്നുവെന്നാണ് ലോജിസ്‌റ്റിക്‌സ് ഉദ്യോഗസ്ഥനായ ലൂയിസ് റിക്കാർഡോ മിരാന്റ അറിയിച്ചത്. ഈ വിവരം പ്രസിഡന്റ് ജെയിർ ബോൾസൊനാരൊയെ അറിയിച്ചിരുന്നു.

ബ്രസീലിലെ മുൻ ആരോഗ്യമന്ത്രി എഡ്വേർഡോ പസ്‌വേലോയുടെ അടുത്തയാളായ അലെക്‌സ് ലിയൽ മറീഞ്ഞൊ ആണ് തന്നെ നിർബന്ധിച്ചതെന്ന് മിരാന്റ പറയുന്നു. പ്രസിഡന്റ് ബോൾസെനാരൊയുടെ അടുത്ത അനുയായിയാണ് പസ്‌വേലോ.

വാക്‌സിൻ കരാറുമായി ബന്ധപ്പെട്ട് രേഖകളിൽ തനിക്കുള‌ള ആശങ്ക നേരിട്ട് പ്രസിഡന്റ് ബോൾസെനാരൊയെ അറിയിച്ചു. മാർച്ച് 20നായിരുന്നു ഇത്. വിവരങ്ങൾ ഫെഡറൽ പൊലീസ് തലവനെ താൻ അറിയിക്കാമെന്ന് പ്രസിഡന്റ് പറഞ്ഞു. മിരാന്റയുടെ ഈ മൊഴി ഫലത്തിൽ പ്രസിഡന്റ് ബോൾസെനാരോയ്‌ക്ക് കുരുക്കാണ്. വിവരത്തിൽ അന്വേഷണത്തിനായി എന്താണ് ചെയ്‌തതെന്ന ചോദ്യത്തിന് പ്രസിഡന്റ് ഉത്തരം നൽകേണ്ടി വരും.

കൊവിഡ് കാലത്ത് മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകൾക്ക് സിവിൽ, ക്രിമിനൽ അന്വേഷണങ്ങളെ നേരിടുന്നയാളാണ് പസ്‌വേലോ. സംഭവത്തിൽ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ ആരോഗ്യമന്ത്രിയുടെ സഹായിയായിരുന്ന മരിഞ്ഞോയും സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

20 മില്യൺ കൊവാക്‌സിൻ ഡോസുകൾക്കായി 320 മില്യൺ ഡോളറിന്റെ കരാറാണ് ബ്രസീലുമായി ഭാരത് ബയോടെക് ഉണ്ടാക്കിയത്. ഇത് വളരെ ഉയർന്ന തുകയാണെന്നും കരാറിൽ ഇടനിലക്കാരായി നിന്ന കമ്പനി തുകയുടെ മൂന്നിലൊന്ന് ഭാഗവും തട്ടിയെടുത്തു എന്നതുമാണ് അഴിമതിയാരോപണം.

വിദേശരാജ്യങ്ങളിൽ ഡോസ് ഒന്നിന് 15 മുതൽ 20 ഡോളറാണ് തങ്ങൾ ഈടാക്കുകയെന്ന് ഭാരത് ബയോടെക് മുൻപ് അറിയിച്ചിരുന്നു. ഫെബ്രുവരി മാസത്തിലാണ് ബ്രസീലുമായി കരാർ ഒപ്പിട്ടത്. എന്നാൽ ചൊവ്വാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബ്രസീൽ ആരോഗ്യമന്ത്രാലയം ഭാരത് ബയോടെകിന് കരാറിൽ പണം നൽകിയിട്ടില്ലെന്ന് അറിയിച്ചു.