
ബംഗളൂരു: പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് ശേഷം പതിനേഴുകാരന്റെ കൈത്തണ്ട മുറിച്ചുമാറ്റി. പരിപാടിയ്ക്കിടെ കുട്ടിയുടെ കൈയിൽ സുഹൃത്ത് മയക്കുമരുന്ന് കുത്തിവച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ജന്മദിനാഘോഷം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ കൈ വീർക്കാൻ തുടങ്ങി. രക്ഷിതാക്കൾ ഉടൻ കുട്ടിയേയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയി.കൈയിൽ വിഷാംശം ഉണ്ടെന്നും, മുറിച്ചുമാറ്റണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു.
ബംഗളുരുവിലെ ചാമരാജ്‌പേട്ട് പ്രദേശത്ത് നടന്ന പിറന്നാൾ പാർട്ടിയിൽവച്ച് വോളിബോൾ പരിശീലകനായ പ്രതി ചില ഗുളികകൾ പൊടിച്ച് വെള്ളത്തിൽ ലയിപ്പിച്ച് മിശ്രിതം ശരീരത്തിലേക്ക് കുത്തിവച്ചതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുടുംബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുറ്റാരോപിതനായ കോച്ച് ഒരു വാഹന മോഷണ കേസിൽ ഇപ്പോൾ ജയിലിലാണ്. കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക.