mc-josaphine

കൊച്ചി: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുകയാണ്. സ്ത്രീധനത്തിന്റെയും മറ്റും പേരു പറഞ്ഞ് നിരവധി സ്ത്രീകൾ നിരന്തരം പീഡനത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം മരിച്ച വിസ്മയ അവരിലൊരാൾ മാത്രം. ഈ സാഹചര്യത്തിൽ പേടിയില്ലാതെ പരാതിപ്പെടാനുള്ള ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടത്.

അധികൃതർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും, കർശന നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ. എന്നാൽ താൻ നേരിട്ട അതിക്രമങ്ങൾക്കെതിരെ പരാതി പറയാൻ വിളിച്ച യുവതിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ മോശമായി പെരുമാറിയതായി വിമർശനമുയർന്നിരിക്കുകയാണ് ഇപ്പോൾ.


വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചാനൽ സംഘടപ്പിച്ച പ്രത്യേക പരിപാടിയ്ക്കിടെ എറണാകുളം സ്വദേശിനിയായ യുവതിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ മോശമായി പെരുമാറിയെന്നാണ് വിമർശനം.


ജോസഫൈനും യുവതിയും തമ്മിലുള്ള സംഭാഷണം

വനിതാ കമ്മിഷൻ അദ്ധ്യക്ഷ: എന്താണ് വിശേഷം പറയ്?

യുവതി : 2014ലാണ് എന്റെ കല്യാണം കഴിഞ്ഞത്.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ :നിങ്ങൾക്ക് കുട്ടികളുണ്ടോ?

യുവതി : ഇല്ല

വനിതാ കമ്മിഷൻ അദ്ധ്യക്ഷ : നിങ്ങളുടെ ഭർത്താവ് ഉപദ്രവിക്കാറുണ്ടോ?

യുവതി : ഉണ്ട്.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ :അമ്മായിയമ്മയോ?

യുവതി : അമ്മായിയമ്മയും ഭർത്താവും ചേർന്നാണ്....

വനിതാ കമ്മിഷൻ : അപ്പോൾ നിങ്ങൾ എന്തേ പൊലീസിൽ അറിയിച്ചില്ല?

യുവതി :ഞാൻ ആരെയും അറിയിച്ചിരുന്നില്ല
വനിതാ കമ്മിഷൻ അദ്ധ്യക്ഷ : ആ എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ. കൊടുത്ത സ്ത്രീധനം തിരിച്ച് കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീൽ വഴി കുടുംബ കോടതി വഴി പോകുക. വനിതാ കമ്മിഷന് വേണേൽ പരാതി അയച്ചോ, പക്ഷേ അയാൽ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ എന്നാണ് എംസി ജോസഫൈൻ വീഡിയോയിൽ പറയുന്നത്.