vismaya

കൊല്ലം: വിസ്‌മയയുടെ മരണത്തിൽ ഭ‌ർത്താവ് കിരൺ കുമാറിനെതിരെയുള‌ള അന്വേഷണം പുരോഗമിക്കുകയാണ്. പോരുവഴിയിലെ സഹകരണ ബാങ്കിലെ കിരണിന്റെ അക്കൗണ്ട് മരവിപ്പിച്ചു, ഇവിടെ വിസ്മ‌യയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും അന്വേഷണ സംഘംസീൽ ചെയ്‌തു.വിവാഹത്തിന് കിരണിന് സ്‌ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വിസ്‌മയയുടെ വീട്ടുകാ‌ർ വിവാഹസമയത്ത് നൽകിയ സ്വർണമാണ് ബാങ്ക് ലോക്കറിലുള‌ളത്. വിസ്‌മയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കുന്നതാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.കിരണിനെ ഇക്കാര്യങ്ങൾ അറിയാൻ വിശദമായി കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശാസ്‌താംകോട്ട കോടതിയിൽ സംഘം അപേക്ഷ നൽകും.

കിരണിന്റെ പീഡനങ്ങളെ കുറിച്ച് വിസ്‌മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇവയുടെ പരിശോധനക്കായി വിസ്‌മയയയുടെയും കിരണിന്റെയും ഫോണുകൾ ശാസ്‌ത്രീയ പരിശോധന നടത്തും. വിസ്‌മയയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടറുടെ മൊഴിയും ഇന്ന് അന്വേഷണ സംഘം ശേഖരിക്കും.