hareesh-peradi

കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. താരങ്ങൾ ഉൾപ്പടെ നിരവധി പേർ സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ രംഗത്തെത്തി. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി തന്റെ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബിന്ദു കൂടെ ഇറങ്ങിവരുമ്പോൾ തന്റെ കൈയിൽ ആകെ 100 രൂപ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും, തളർന്നുപോകുന്ന സമയങ്ങളിലെല്ലാം കൂടെ നിന്ന ഈ സ്ത്രീയാണ് തന്റെ ധനമെന്നും ഹരീഷ് പേരടി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

1993 ഡിസംബർ 3 ന് രാവിലെ ബിന്ദു എൻ്റെ കൂടെ ഇറങ്ങി വരുമ്പോൾ എൻ്റെ കൈയ്യിൽ വിവാഹ എഗ്രിമെൻ്റ് എഴുതാൻ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു...പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം...ജീവിക്കാൻ ധൈര്യമാണ് വേണ്ടത്...അതുണ്ടെങ്കിൽ ജീവിതം തന്നെ പിന്നാലെ വരും...ഇന്നലെ ഞങ്ങളുടെ "കലാനിധി" വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു വർഷം തികയുന്ന ദിവസമായിരുന്നു...എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്.