തിരുവനന്തപുരം: പരാതി പറയാൻ വിളിച്ച സ്ത്രീയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ. താനും ഒരു സാധാരണ സ്‌ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.
പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്‌തത്. അത് പൊലീസ് സ്റ്റേഷനില്‍ പോകേണ്ട പരാതിയാണ്. കൊടുക്കാതിരുന്നത് ശരിയായില്ല എന്നാണ് പറഞ്ഞത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയാണ് താന്‍ അത് പറഞ്ഞതെന്നും ജോസഫൈൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പല വീഡിയോയും വരും. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ടുപോകുന്നത്. അത്രയേറെ സ്ത്രീകളാണ് പരാതികളുമായി വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ, ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിതാ കമ്മിഷന് കഴിയില്ലെന്നും ജോസഫൈൻ പറഞ്ഞു.
യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് തന്നെ വനിത കമ്മിഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. യഥാവിധിയല്ല പലരും കാര്യങ്ങള്‍ കേട്ടുമനസിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോള്‍ ചിലപ്പോ ഉറച്ചഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന്‍ പറഞ്ഞു.